തിരുവനന്തപുരം: ഞങ്ങളുടെ നെഞ്ചിലും റാങ്ക് ലിസ്റ്റിലും റീത്ത് വയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട് കഴുത്തില്‍ കയര്‍കെട്ടി പ്രതീകാത്മക ആത്മഹത്യ നടത്തിയും മൃതദേഹമായും സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു കൂട്ടം യുവാക്കളുടെ പ്രതിഷേധം. ഭിക്ഷാപാത്രവുമായി യാചിക്കുകയാണിവര്‍. ജീവിതം ഇരുളടയുകയാണെന്ന് കാണിച്ച് കറുപ്പണിഞ്ഞ് മുഖംമൂടി ധരിച്ച് പിണറായി വിജയന്റെ കണ്ണ് തുറപ്പിക്കാന്‍ നാലുദിവസമായി പ്രതിഷേധത്തിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍.
ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഇനി 57 ദിവസം മാത്രം ബാക്കി നില്‍ക്കെ ഞങ്ങളെ പോലീസാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ ജോലിക്ക് വേണ്ടി യാചിക്കുകയാണ് പഠിച്ച് പരീക്ഷ പാസായവര്‍. ഓള്‍ കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരം.
2019ലാണ് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്‌ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2021 ഏപ്രിലില്‍ പ്രാഥമിക പരീക്ഷയും 2022ല്‍ പ്രധാന പരീക്ഷയും നടന്നു. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2023 ഏപ്രില്‍ 13ന് റാങ്ക്‌ലിസ്റ്റ് നിലവില്‍ വന്നു. ഒരു തസ്തികയ്‌ക്ക് വേണ്ടി വിജ്ഞാപനം പുറപ്പെടുവിച്ച് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വേണ്ടി വന്നത് നാല് വര്‍ഷം.
ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 3019 പേര്‍ക്കാണ് നിയമനം നല്‍കിയത്. വെറും 21 ശതമാനം മാത്രം. നിരവധി ഒഴിവുകളാണ് സേനയിലുള്ളത്. ഒഴിവുകള്‍ നികത്തണം എന്ന് ഡിജിപി പലവട്ടം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തോടെ പ്രതികളെ മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ട് വരുമ്പോള്‍ ആശുപത്രികളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി വേണമെന്ന് കോടതിയും നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് പഠനം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതുപോലെ ആറോളം ഫയലുകളാണ് സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഓരോ ഫയലും ഓരോരുത്തരുടെ ജീവിതമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മുമ്പില്‍ തീരുമാനവും കാത്തിരിക്കുന്നത്. ഉടന്‍ നിയമനം നടത്തിയില്ലെങ്കില്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ പോലീസ് പരീക്ഷ ഇനി എഴുതാനാകില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക