ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ലോക സര്‍ക്കാര്‍ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഭാരതവും യുഎഇയും തമ്മിലുള്ള അതിവേഗം വളരുന്ന സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ അംഗീകരിക്കുകയും ചെയ്തു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്തു.
ദുബായിയുടെ വളര്‍ച്ചയില്‍ ഭാരതീയ പ്രവാസികളുടെ സംഭാവനയെ ഇരുനേതാക്കളും അംഗീകരിച്ചു. ദുബായിലെ ഭാരതീയ സമൂഹത്തോടുള്ള കരുണാപൂര്‍വമുള്ള പെരുമാറ്റത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. എത്രയും വേഗം ഭാരതം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചു. ദുബായിയിലെ ജബല്‍ അലി ഫ്രീ ട്രേഡ് സോണില്‍ ഡിപി വേള്‍ഡ് നിര്‍മിക്കുന്ന ഭാരത് മാര്‍ട്ടിന്റെ തറക്കല്ലിടലും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
മഡഗാസ്കര്‍ പ്രസിഡന്റ് ആന്‍ട്രി രാജോലിനയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: