പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വ്യാഴാഴ്ച മുതൽ പാലക്കാട് ജില്ലയിൽ വിതരണം ആരംഭിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് അരി വിതരണം. കിലോയ്‌ക്ക് 29 രൂപയ്‌ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക് എത്തുന്നത്. 5 കിലോ, 10 കിലോ പക്കറ്റുകളിലാണ് അരി വിൽക്കുക. നേരത്തെ തൃശൂരിൽ ഭാരത് അരി വിതരണം ആരംഭിച്ചിരുന്നു.
ഭാരത് അരിയ്‌ക്കൊപ്പം കടലപ്പരിപ്പും നല്‍കുന്നുണ്ട്. 60 രൂപയാണ് ഒരു കിലോ കടലപ്പരിപ്പിന്റെ വില. എഫ് സിഐ ഗോഡൗണുകളില്‍ നിന്നും അരിയും കടലപ്പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്. കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ , കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്രജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട് ലെറ്റുകൾ വഴിയുമാണ് ഭാരത് അരിയുടെ വിതരണം.
ഈ അഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യാനാണ് എൻസിസിഎഫിന്റെ തീരുമാനം. തൃശൂർ, അങ്കമാലി എഫ് സി ഐ ഗോഡൗണുകളിൽ നിന്നും ശേഖരിച്ച അരി എറണാകുളം കാലടിയിലെ മില്ലിൽ പോളീഷ് ചെയ്തശേഷം പായ്‌ക്കിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെന്ന് എൻസിസിഎഫ് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: