തിരുവനന്തപുരം: എല്ലാ വര്‍ഷവും വിവിധ പണികള്‍ക്കായി കുഴിക്കുന്ന ജനറല്‍ ആശുപത്രി വഞ്ചിയൂര്‍ റോഡ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ്റിയാസ് കഴിഞ്ഞ ദിവസം രാത്രിയില്‍ സന്ദര്‍ശിച്ചു. മേയര്‍ ആര്യാ രാജേന്ദ്രനും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായാണ് സന്ദര്‍ശനം നടത്തിയത്. ജനറല്‍ ആശുപത്രി വഞ്ചിയൂര്‍ റോഡ് വിവിധ ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും ഭാഗത്ത് എല്ലാ വര്‍ഷവും കുഴിക്കാറുണ്ട്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കുഴിച്ചിട്ട് പണികള്‍ എങ്ങുമെത്തിയില്ല. കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ റോഡ് നെടുകെ മണ്ണ്മാന്തി ഉപയോഗിച്ച് കുത്തി കീറി. ഇതോടെ വന്‍ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും ഉടലെടുത്തത്. ഇത് സംബന്ധിച്ച് വാര്‍ത്ത ജന്മഭൂമി സമകാലികം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കരാറുകാര്‍ അലംഭാവം കാട്ടിയതു കൊണ്ടാണ് പണികള്‍ നീണ്ടു പോകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. 27നകം റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ റോഡിന്റെ ഇരുവശത്തെയും ഓട നിര്‍മാണത്തിന്റെ ഭാഗമായി മധ്യഭാഗത്തുള്ള കുഴികള്‍ മൂടിയാലും വീണ്ടും കുഴിക്കേണ്ടി വരും. ഇതോടെ മന്ത്രി പറഞ്ഞ തീയ്യതിക്കകം റോഡ് നിര്‍മാണം പൂര്‍ത്തിയാകാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: