ഇസ്ലാമാബാദ്: സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകിസ്ഥാന് മുസ്ലിം ലീഗ് നേതാവ് (പിഎംഎല്‍-എന്‍) നവാസ് ഷെരീഫും പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയും തമ്മില്‍ ചര്‍ച്ച തുടരുന്നു. ഒരു പാര്‍ട്ടിക്ക് മൂന്നു വര്‍ഷവും അടുത്ത പാര്‍ട്ടിക്ക് രണ്ടു വര്‍ഷവും പ്രധാനമന്ത്രി പദം നല്കുന്ന തരത്തിലുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുകയാണ്.
തെരഞ്ഞെടുപ്പില്‍ 103 സ്വതന്ത്രരാണ് വിജയിച്ചത്. ഇവരില്‍ 92 പേര് ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങളാണ്. തെഹ്രീക്-ഇ-ഇന്‍സാഫിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്. പിഎംഎല്‍-എന്‍ 75 സീറ്റു നേടി രണ്ടാം സ്ഥാനത്തും പിപിപി 54 സീറ്റോടെ മൂന്നാമതും എത്തി. അതേസമയം പന്ത്രണ്ട് സ്വതന്ത്രര്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു.
പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്ലമെന്റേറിയന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ചെയര്മാന് ബിലാവല്‍ ഭൂട്ടോ സര്ദാരിയുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. പിഎംഎല്‍-എന്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫാണ് മറുഭാഗത്ത് നേതൃത്വം നല്‍കുന്നത്. 2013ല്‍ ബലൂചിസ്ഥാന്‍ പ്രവിശ്യ ഭരിക്കാന്‍ പാകിസ്ഥാന് മുസ്ലിം ലീഗും നാഷണല്‍ പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ ധാരണയുടെ മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ചര്‍ച്ച തുടരുന്നത്.
ഫലം വന്നതിനു ശേഷം ബലൂചിസ്ഥാനില്‍ തുടങ്ങിയ സംഘര്‍ഷം രൂക്ഷമായി. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി അടക്കമുള്ള ബലൂചിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ പരാജയപ്പെടുത്താന്‍ സൈന്യം ഇടപെട്ടു എന്ന് ആരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: