കോഴിക്കോട്: ഐഎന്‍എലില്‍ വീണ്ടും പടലപ്പിണക്കം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ എംഎല്‍എ അഹമ്മദ് ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതില്‍ ഐഎന്‍എല്‍ വഹാബ് വിഭാഗം പ്രതിഷേധിച്ചു. രണ്ടു വിഭാഗവും ഒരുമിച്ചു വന്നാലേ മുന്നണിയിലേക്ക് വിളിക്കൂ എന്ന നിലപാടില്‍ നിന്ന് മാറി കാസിം ഇരിക്കൂര്‍ വിഭാഗത്തെ മാത്രം പരിഗണിച്ചതിലാണ് പ്രതിഷേധം.
രണ്ട് വിഭാഗമായി മാറിയ ശേഷം ഐഎന്‍എല്‍ ഭാരവാഹികളെ എല്‍ഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. മന്ത്രിയായതിനാല്‍ അഹമ്മദ് ദേവര്‍കോവിലിന് മാത്രമായിരുന്നു ക്ഷണം. മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷമുള്ള എല്‍ഡിഎഫ് യോഗത്തില്‍ ഐഎന്‍എല്‍ പ്രതിനിധികളെ ക്ഷണിച്ചതുമില്ല. എന്നാല്‍ ഈ നിലപാടില്‍ നിന്ന് മാറി കഴിഞ്ഞ പത്താം തീയതി നടന്ന മുന്നണി യോഗത്തില്‍ കാസിം വിഭാഗത്തിലെ അഹമ്മദ് ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതാണ് വഹാബ് വിഭാഗത്തെ ചൊടിപ്പിച്ചത്.
പ്രതിഷേധം അറിയിച്ചും മുന്നണി യോഗത്തിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടും എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്കാന് ഇന്നലെ കോഴിക്കോട് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഘടക കക്ഷിയായ ശേഷം ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങളടക്കം നല്‍കാത്തതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സഹകരണം സംബന്ധിച്ച് മറ്റ് ആലോചനകളിലേക്ക് കടക്കേണ്ടിവരുമെന്ന സൂചനയും വഹാബ് വിഭാഗം നല്കുന്നു. വിശദമായ ചര്‍ച്ചകള്‍ക്കായി ഈ മാസം 27ന് ഐഎന്‍എല്‍ വഹാബ് വിഭാഗം പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഈ മാസം ഏഴിന് എല്‍ഡിഫ് കണ്‍വീനര്‍ രണ്ട് ഐഎന്‍എല്‍ വിഭാഗത്തെയും വിളിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്നു പറഞ്ഞിട്ടാണ് വഹാബ് വിഭാഗത്തെ ഒഴിവാക്കി അഹമ്മദ് ദേവര്‍കോവിലിനെ മാത്രം വിളിച്ചതെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മയില്‍ പറഞ്ഞു.
ഏകപക്ഷീയമാണ് കാസിം ഇരിക്കൂര്‍ വിഭാഗത്തെ വിളിച്ചത്. എല്‍ഡിഫ് മുന്നണിയിലുള്ള മറ്റ് പാര്‍ട്ടികളിലെ രണ്ടും മുന്നും വീതം നേതാക്കളെ വിളിച്ചപ്പോള്‍ ഐഎന്‍എലില്‍ നിന്ന് ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതിലാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് ദേവര്‍കോവിലിനെ മാത്രം എല്‍ഡിഎഫ് യോഗത്തില്‍ വിളിച്ചു എന്ന് ഫോണില്‍ എല്‍ഡിഎഫ് കണ്‍വീനറോട് ചോദിച്ചപ്പോള്‍, ”വിളിച്ചു’ എന്ന മറുപടിമാത്രമാണ് കിട്ടിയതെന്ന് കെ.പി. ഇസ്മയില്‍ പറഞ്ഞു.
അതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് രേഖാമൂലം എല്‍ഡിഎഫ് കണ്‍വീനര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കുമെന്ന് കെ.പി. ഇസ്മയില്‍ പറഞ്ഞു. അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിക്കാതിരിക്കുന്നതടക്കം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഓര്ഗൈനൈസിങ് സെക്രട്ടറി എന്‍.കെ. അബദുള്‍ അസീസ്, ട്രഷറര്‍ ബഷീര്‍ വടേരിയടക്കം 24 പേര് സംസ്ഥാന സെക്രേട്ടറിയറ്റില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: