ദുബായ്: എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) ഒപ്പ് വെച്ചു. 2026-ഓടെ ഇത് പ്രാബല്യത്തിൽ വരുത്താനാണ് അധികൃതരുടെ നീക്കമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. വേൾഡ് ഗവൺമെന്റ് സമ്മിറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.
ദുബായ് ആർറ്റിഎ, യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ, വെർട്ടിപോർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമേഖലയിൽ പ്രവർത്തിക്കുന്ന സ്കൈസ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആർറ്റിഎ ചെയർമാൻ മത്തർ അൽ തയർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഈ കരാറിൽ ഒപ്പ് വെച്ചത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്ന ലോകത്തെ ആദ്യ നഗരം എന്ന നേട്ടമാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സേവനത്തിനായി ജോബി ഏവിയേഷൻ തയ്യാറിക്കിയിരിക്കുന്ന ‘Joby Aviation S4’ ഏരിയൽ ടാക്സി വാഹനമാണ് ഉപയോഗിക്കുന്നത്.
നാല് യാത്രികർക്കും, ഒരു പൈലറ്റിനും സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിന് ആറ് പ്രൊപ്പല്ലറുകളും, നാല് ബാറ്ററി പാക്കുകളുമുണ്ട്. ഈ ഏരിയൽ ടാക്സി വാഹനത്തിന്റെ പരമാവധി റേഞ്ച് 161 കിലോമീറ്ററാണ്. മണിക്കൂറിൽ 321 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ഈ പരിസ്ഥിതി സൗഹൃദ വാഹനം ഒരു ട്രിപ്പിന് വേണ്ടി ചാർജ് ചെയ്യുന്നതിന് 10 മിനിറ്റ് മാത്രമാണെടുക്കുന്നത്.
2026-ൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ഘട്ടത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ മേഖല, ദുബായ് മറീന, പാം ജുമേയറാഹ് എന്നീ നാല് ഇടങ്ങളിലാണ് ഈ ഏരിയൽ ടാക്സി സേവനങ്ങൾ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: