Categories: News

ഖത്തറിലെ നാവികോദ്യോഗസ്ഥരുടെ മോചനം: മോദിയുടെ റോള്‍ തമസ്കരിക്കാന്‍ ശ്രമിച്ച മലയാളമനോരമയെ ആക്രമിച്ച് രാമചന്ദ്രന്‍

Published by

തിരുവനന്തപുരം: ഖത്തറില്‍ നിന്നും ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരെ വധശിക്ഷ ഇളവ് ചെയ്ത് മോചിപ്പിച്ചതില്‍ പ്രധാനമന്ത്രി മോദിയ്‌ക്കുള്ള പങ്കിനെ തമസ്കരിക്കാന്‍ ശ്രമിച്ച മനോരമപത്രത്തിനെതിരെ പരിഹാസവുമായി മുന്‍ മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ കൂടിയായിരുന്ന രാമചന്ദ്രന്‍. മലയാള മനോരമ പത്രത്തില്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരെ വധശിക്ഷ ഇളവ് ചെയ്തതിന്റെ റിപ്പോര്‍ട്ട് വായിച്ചെന്നും അവരുടെ മോചനത്തില്‍ മോദിയ്‌ക്കും പങ്കുണ്ടായിരുന്നതായി സംശയിക്കുന്നു എന്ന രീതിയില്‍ എവിടെയോ ഒരു വാചകം ഉണ്ടായിരുന്നെന്നും മനോരമയെ പരിഹസിച്ച് രാമചന്ദ്രന്‍.

ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാനാണ് ഈ നാവിക ഉദ്യോഗസ്ഥരുടെ മോചനം സാധ്യമാക്കിയത് എന്ന രീതിയില്‍ ചില മലയാളപത്രങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചിരുന്നു. ഇത് പിന്നീട് ഷാരൂഖ് ഖാന്‍ തന്നെ തിരുത്തുകയും ചെയ്തിരുന്നു. ഞാനല്ല, അതിന് കഴിവുള്ളവര്‍ ഇന്ത്യയില്‍ ഉണ്ട് എന്ന അര്‍ത്ഥത്തില്‍ പരോക്ഷമായി മോദിയെ ചൂണ്ടിക്കാട്ടിയാണ് ഷാരൂഖ് ഖാന്‍ പ്രതികരിച്ചത്. “ഷാരൂഖ് ഖാന്‍ ഇത് ചെയ്തത് മമ്മൂടി പറഞ്ഞതുകൊണ്ടാണെന്ന ഒരു ആരോപണം ഉണ്ടോ? അതും കൂടി പറഞ്ഞാല്‍ മതേതരത്വത്തിന് അത് ശരിയായി വരും”- മലയാള മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് രാമചന്ദ്രന്‍ പറഞ്ഞു.

“ഞാന്‍ ജോലി ചെയ്ത പത്രമായിരുന്നല്ലോ മനോരമ. അതില്‍ ഈ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഞാന്‍ അത് വിശദമായി വായിച്ചു. ഏതോ റിപ്പോര്‍ട്ടിന് ഒടുവില്‍ മോദിയ്‌ക്കും ഇവരുടെ മോചനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നു എന്ന ഒരു വാചകം കണ്ടു.”- രാമചന്ദ്രന്‍ പരിഹാസത്തോടെ പറഞ്ഞു.

ഈ വാര്‍ത്ത ഞാന്‍ കുറെ നാളായി ഇന്ത്യാടുഡേയില്‍ നിരന്തരം ഫോളൊ ചെയ്യുന്നുണ്ട്. അജിത് ഡോവല്‍ മാസങ്ങളായി ഇതിന് വേണ്ടി ഖത്തറില്‍ പോകുന്നുണ്ട്. ശിക്ഷ ഇളവുചെയ്യല്‍ ഡിസംബറില്‍ ഒക്കെ തന്നെ നടന്നതാണ്. ഡിപ്ലോമാറ്റിക് തലത്തിലുള്ള ഈ നീക്കങ്ങളെല്ലാം മോദി കൂടി അറിഞ്ഞിട്ടാണ് നടക്കുന്നത്. മോദി ഇതെല്ലാ അറിഞ്ഞിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങിനെ നമ്മള്‍ നയതന്ത്ര തലത്തില്‍ വിജയിച്ചതിന്റെ ലിസ്റ്റുകള്‍ ഉണ്ട്. പല വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഇങ്ങോട്ട് (ഇന്ത്യയില്‍) കൊണ്ടുവരുന്നതില്‍ -കോവിഡ് കാലത്തും യുദ്ധസാഹചര്യത്തിലും- ഇന്ത്യ വിജയിച്ചത് നമ്മള്‍ കണ്ടതാണ്. ഇതിന് മുന്‍പ് മറ്റൊരു രാജ്യത്ത് നടന്ന ഒരു ഉച്ചകോടി ചര്‍ച്ചയില്‍ ഖത്തര്‍ അമീറുമായി മോദി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നാവികോദ്യോഗസ്ഥരെ ഖത്തറില്‍ നിന്നും മോചിപ്പിച്ചത് ആരെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈയിടെ ഇന്ത്യയും ഖത്തറും തമ്മില്‍ പ്രകൃതിവാതകം കൊണ്ടുവരുന്ന കാര്യത്തില്‍ വലിയൊരു ബിസിനസ് നടന്നിരുന്നു. ഇന്ത്യ ഇറക്കുമതിക്കാരാണ്. ഖത്തര്‍ കയറ്റുമതിക്കാരും. എപ്പോഴും ഒരു ബിസിനസ് നടക്കുമ്പോള്‍ അതിനകത്ത് ഉപാധികള്‍ ഉണ്ടാകും. അതും ഈ മോചനത്തിന് പശ്ചാത്തലമൊരുക്കിയിരിക്കാം. “- രാമചന്ദ്രന്‍ പറയുന്നു.

ഇതിന് ഷാരൂഖ് ഖാന്റെ ആവശ്യം പോലുമില്ല. ഷാരൂഖ് ഖാനേക്കാള്‍ നല്ലൊരാള്‍ ഉണ്ടായിരുന്നല്ലോ. യൂസഫലി. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അദ്ദേഹത്തെ സമീപിക്കാമല്ലോ. ഈ വാര്‍ത്ത ചമച്ചവര്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ. മോദി കാര്യമായൊന്നും ചെയ്യുന്നില്ല. അദ്ദേഹത്തിന് കാര്യങ്ങള്‍ നടത്താന്‍ മറ്റു സമുദായത്തില്‍പ്പെട്ടവരെ ഉപയോഗിക്കേണ്ടിവരുന്നു. മോദി ഒരു വിജയമല്ല. ലോക് സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി വലിയ പരാജയമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍. “- രാമചന്ദ്രന്‍ വിശദീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക