ന്യൂദല്‍ഹി: കര്‍ഷകരല്ലാത്തവരുടെ കര്‍ഷകസമരം വീണ്ടും ദല്‍ഹിയില്‍ അരാജകത്വം സൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 25000 പേരെയും 5000 ട്രാക്ടറുകളെയും ഒരുക്കി നിര്‍ത്തി ദല്‍ഹി സ്തംഭിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നറിയുന്നു.
ഇതിന് ഇന്ത്യയ്‌ക്ക്പുറത്ത് നിന്നും ഖലിസ്ഥാന്‍ സംഘടനകള്‍ ഫണ്ട് നല്‍കുന്നതായും പറയുന്നു. മോദിയുടെ പൊലീസ് കര്‍ഷകരെ മര്‍ദ്ദിക്കുന്നതിന്‍റേതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ക്കായി എന്‍ജിഒകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും ക്യാമറക്കണ്ണുകള്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ടെന്നും പിന്നീട് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കര്‍ഷകര്‍ക്ക് എതിരായ ജനവിരുദ്ധ പ്രധാനമന്ത്രിയാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യമെന്നും ചില വിദഗ്ധര്‍ വിലയിരുത്തുന്നു. അതുവഴി അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയെ അട്ടിമറിക്കാമെന്ന് പ്രതിപക്ഷവും പൗരാവകാശ, ജനാധിപത്യ, എന്‍ജിഒ, കമ്മ്യൂണിസ്റ്റ്, മനുഷ്യാവകാശ സംഘടനകളും കരുതുന്നു.
മറ്റെല്ലാ കളികളിലും തോറ്റ പ്രതിപക്ഷം കര്‍ഷകര്‍ക്ക് പിന്നില്‍ അഭയം തേടുകയാണ്. ഖലിസ്ഥാന്‍ എന്ന സംഘടന മോദി സര്‍ക്കാരിനെതിരെ പകവീട്ടാന്‍ അവസരം കാത്തിരിക്കുകയാണ്. കോടികളുടെ ആസ്തിയുള്ള ലണ്ടനും ന്യൂയോര്‍ക്കും ടൊറന്‍റോയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടന വലിയ തുക ഈ സമരത്തിന് ഒഴുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുകയാണ് അജണ്ട. കലാപകാരികള്‍ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് എത്തുന്നതെന്നും പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍, സമരത്തിനെതിയ ട്രാക്ടറുകളിലൊന്നില്‍ ഖാലിസ്ഥാനി ഭീകരന്‍ ഭിന്ദ്രന്‍വാലയുടെചിത്രം പ്രിന്‍റുചെയ്ത പതാക ഉള്ളതായി കാണിച്ചിരുന്നു.
കര്‍ഷകര്‍ ഉന്നയിക്കുന്ന പല പ്രശ്നങ്ങളിലും സമവായം ചര്‍ച്ചയില്‍ ഉണ്ടായെന്നും ബാക്കിയുള്ള ഒരു സമിതി രൂപീകരിച്ച് പരിഹരിക്കാമെന്നും കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞിരുന്നു. എന്നാല്‍ മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ നിയമപരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ വ്യക്തതയില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍ ദല്‍ഹി ചലോ മാര്‍ച്ച് ചൊവ്വാഴ്ച നടത്തിയത്.
പഞ്ചാബില്‍ നിന്നും ഹരിയാനയിലേക്ക് കടക്കാന്‍ കഴിയാത്ത വിധം ഹരിയാന സര്‍ക്കാര്‍ സംസ്ഥാനാതിര്‍ത്തിക്ക് ചുറ്റും വേലികെട്ടിയിട്ടുണ്ട്. ദല്‍ഹി അതിര്‍ത്തിയിലും ബാരിക്കേഡുകളും പൊലീസ് കാവലും ശക്തമാക്കിയിട്ടുണ്ട്. 2020-21ലെ കര്‍ഷകസമരം പോലെ ദല്‍ഹിയില്‍ മാസങ്ങളോളം കുത്തിയിരുന്ന്, പൊതുഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരം അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
2020ലെ കര്‍ഷകമാര്‍ച്ചിന് നേതൃത്വം വഹിച്ച രാകേഷ് ടികായത്ത്, ഗുര്‍ണം സിങ്ങ് ചാരുണി എന്നിവര്‍ ഈ സമരത്തില്‍ ഇല്ല. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളാണ് ദല്‍ഹി ചലോ സമരത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: