ആലുവ: നെടുമ്പാശേരിയിലെ ഹോട്ടലിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് നേപ്പാൾ സ്വദേശികളായ യുവതികളെ റൂറൽ ജില്ലാ പോലീസ് ഇടപെട്ട് ശാന്തിഭവനിലേക്ക് മാറ്റി. ശ്രീലങ്ക വഴി ഒമാനിലേക്ക് പോകാൻ എത്തിയതാണ് യുവതികൾ. ട്രെയിൽ മാർഗം ഡിസംബർ 25ന് ആണ് ഇവർ ആലുവയിലെത്തിയത്.
തുടർന്ന് കുറച്ചു ദിവസം കൊച്ചിയിലെ ഹോട്ടലിൽ തങ്ങി. 31 ന് വിമാനത്താവളത്തിലെത്തി. എമിഗ്രേഷൻ നടത്തിയ പരിശോധനയിൽ നേപ്പാൾ എംബസിയുടെ എൻഒസി ഇല്ലാത്തതിനാൽ പാസ്പോർട്ടിൽ സിഡബ്ലിയുഒപി ( cancelled with out prejudice) സ്റ്റാമ്പ് പതിച്ച് തിരിച്ചയച്ചു. തുടർന്ന് ഇവർ നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്നു. നേപ്പാൾ സ്വദേശികളായ ഏജൻറുമാരാണ് അയച്ചതെന്ന് യുവതികൾ പറഞ്ഞു. ഹോട്ടലിൽ ആദ്യഘട്ടങ്ങളിൽ ഒൺലൈനായി ചിലവിനുള്ള പണം അയച്ചു കിട്ടിയിരുന്നതായും നേപ്പാൾ സ്വദേശിനികൾ പറഞ്ഞു. പിന്നീട് പണം ലഭിച്ചിരുന്നില്ല.
ആന്റി ഹ്യൂമൺ സ്റ്റേറ്റ് നോഡൽ ഓഫീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലുള്ള സംഘമാണ് പരിശോധന നടത്തി ഇവരെ കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഗിൽസൺ മാത്യു, നെടുമ്പാശേരി ഇൻസ്പെക്ടർ ബി .കെ അരുൺ , സബ് ഇൻസ്പെക്ടർ ബൈജു കുര്യൻ, എ എസ്.ഐമാരായ ഇഗ്നേഷ്യസ് , എ.വിഡിനി ,സി.പി. ഒ.മാരായ ഗായോസ് , ശ്യാമ എന്നിവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: