ന്യൂദല്‍ഹി: രണ്ട് ദിവസത്തെ യുഎഇ, ഖത്തര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ ന്യൂദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ഞാന്‍ ഫെബ്രുവരി 13നും 14നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കും ഫെബ്രുവരി 14നും 15നും ഖത്തറിലേക്കും ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്. 2014നുശേഷം ഇത് എന്റെ ഏഴാമത്തെ യുഎഇ സന്ദര്‍ശനവും ഖത്തറിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനവുമാണെന്നും അദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യഊര്‍ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ യുഎഇയുമായുള്ള നമ്മുടെ സഹകരണം പലമടങ്ങു വര്‍ധിച്ചു. സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ളതുമായ നമ്മുടെ ബന്ധം മുമ്പത്തേക്കാളേറെ ശക്തമാണ്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്താനും നമ്മുടെ സമഗ്രമായ തന്ത്രപ്രധാനപങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ചു വിപുലമായ ചര്‍ച്ചകള്‍ നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം മുഖ്യാതിഥിയായിരുന്ന ‘ഊര്‍ജസ്വല ഗുജറാത്ത് ആഗോള ഉച്ചകോടി 2024’ല്‍ അടുത്തിടെ ഗുജറാത്തില്‍ അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണപ്രകാരം, 2024 ഫെബ്രുവരി 14ന്, ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ലോകനേതാക്കളെ ഞാന്‍ അഭിസംബോധന ചെയ്യും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി നടത്തുന്ന ചര്‍ച്ചകളില്‍ ദുബായുമായുള്ള നമ്മുടെ ബഹുമുഖബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അബുദാബിയില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍നിന്നുമുള്ള ഇന്ത്യന്‍ സമൂഹത്തെ ഞാന്‍ അഭിസംബോധന ചെയ്യുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: