ചിറയിൻകീഴ്: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ജന്‍ധന്‍ യോജനയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. അഞ്ചുതെങ്ങ് സ്വദേശിനിയ്‌ക്ക് പണം നഷ്ടമായി. പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും ധൻ യോജന പ്രകാരം 5000 രൂപ വരെയുള്ള അനുകൂല്യം ലഭിക്കുമെന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്തതോടെയാണ് അഞ്ചുതെങ്ങ് സ്വദേശിനിയ്‌ക്ക് പണം നഷ്ടമായത്.
അഞ്ചുതെങ്ങ് സ്വദേശിനി ഷേര്‍ലിക്കാണ് പണം നഷ്ടമായത്. ഫേസ്ബുക്കില്‍ കണ്ട പോസ്റ്റിലൂടെ ഈ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി ലിങ്കില്‍ ക്ലിക് ചെയ്തതോടെ ഒരു സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പേജ് തുറക്കുകയും തുടര്‍ന്ന് രൂപ 4950 രൂപയുടെ സമ്മാനം ലഭിച്ചു എന്ന അറിയിപ്പ് ലഭിക്കുകയുമായിരുന്നു. തുടര്‍ന്ന് അടുത്ത പേജിലേക്ക് നീങ്ങിയപ്പോള്‍ പേടിഎം പേജ് ഓപ്പണ്‍ ആകുകയും പിന്‍ നമ്പര്‍ നല്‍കിയാല്‍ ക്യാഷ് ക്രെഡിറ്റ് ആകുമെന്ന് അറിയിപ്പ് ലഭിക്കുകയുമായിരുന്നു. ഇതുപ്രകാരം പിന്‍ നമ്പര്‍ നല്‍കിയതോടെ ഇവരുടെ അക്കൗണ്ടില്‍ നിന്ന് ഈ തുക ഡെബിറ്റ് ആകുകയായിരുന്നു.
തുടര്‍ന്ന് മൊബൈലില്‍ പണം പിന്‍വലിച്ചതായുള്ള എസ്എംഎസ് എത്തിയപ്പോഴാണ് പണം ലഭിക്കുകയായിരുന്നില്ല തന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായതെന്ന് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: