മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്‌ന’യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസവും തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആന കാട്ടിക്കുളത്തിനടുത്ത് ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്നല്‍ ലഭിച്ചു. ഇതോടെ അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു.
ഇരുമ്പുപാലത്തിന് സമീപം രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് നിലവില്‍ ആനയുള്ളതെന്നാണ് വിവരം. കാട്ടിക്കുളത്തുനിന്ന് കര്‍ണാടകയിലെ കുടക് ഭാഗത്തേക്കുള്ള റോഡിലുള്ള സ്ഥലമാണ് ഇരുമ്പുപാലം. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇരുമ്പുപാലത്തെ വനമേഖലയില്‍ ആനയുള്ളതായി റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ കിട്ടിയത്. പിന്നാലെ ഡി.എഫ്.ഒ. അടക്കമുള്ളവര്‍ വനത്തിലേക്ക് പ്രവേശിച്ചു. തൊട്ടുപിന്നാലെ മയക്കുവെടി സംഘവും കാട്ടിലേക്ക് പോയി. ചെറിയ പൊന്തക്കാടുകൾ ഉണ്ടെങ്കിലും താരതമ്യേന നിരപ്പായ പ്രദേശത്താണ് ആന ഇപ്പോഴുള്ളത്. ദൗത്യസംഘം നിലവിൽ ആനയുടെ 400 മീറ്റർ അകലെയാണുള്ളത്.
മയക്കുവെടിവച്ച് കൊണ്ടു വരുന്ന ആനയെ പാർപ്പിക്കുന്നതിനായി മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ആസ്ഥാനത്ത് പന്തി സജ്ജമാക്കിവരികയാണ്. അക്രമകാരിയായ ആനയെ മെരുക്കുയെടുക്കാനാണ് 25 അടി വിസ്തൃതിയിൽ പുതിയ കൂട് തന്നെ വനംവകുപ്പ് ഉപയോഗിക്കുന്നത്. 65 യൂക്കാലിപ്സ് മരത്തടികളുപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
മയക്കുവെടി പ്രയോഗിക്കാൻ വിധത്തിലുള്ള തു റസായ സ്ഥലത്ത് ആന നിലയുറപ്പിക്കാത്തതാണ് കഴിഞ്ഞ മൂന്നു ദിവസവും ദൗത്യസംഘത്തിന് തടസമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: