അയോദ്ധ്യയില്‍ പ്രതിഷ്ഠിച്ചത് ഗാന്ധിജിയുടെ രാമനല്ലെന്ന ചില മതേതര ബുദ്ധിജീവികളുടെ അഭിപ്രായം കുത്സിതമായ, സ്വാര്‍ത്ഥരാഷ്‌ട്രീയത്തിന്റെ വിഭ്രാന്തിയില്‍ നിന്നുടലെടുത്ത ജല്പനമാണെന്നുള്ളത് വ്യക്തമാണ്. ശ്രീരാമന്‍ ഒന്നേ ഉള്ളൂ. അത് വാല്മീകിയുടെ രാമനാണ്. ഗാന്ധിജിക്ക് മാത്രമായി മറ്റൊരു രാമനില്ല. വാല്മീകിയെയും രാമായണത്തെയും വിസ്മരിച്ച് ഗാന്ധിജിക്കൊരു രാമനുണ്ടാകാന്‍ സാധ്യതയില്ല. തുളസീദാസിന്റെ രാമായണകീര്‍ത്തനങ്ങളായിരുന്നു ഗാന്ധിജിയുടെ ഹൃദയത്തുടിപ്പുകള്‍. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഗാന്ധിജിയെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ഹിന്ദുത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ചില പുരോഗമന സാഹിത്യവാദികള്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിന് വഴിതെളിക്കാന്‍ സാഹിത്യത്തിലൂടെ നടത്തുന്ന വികലസഞ്ചാരമായിരുന്നു സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തില്‍ കണ്ടത്. ഭാരതത്തില്‍ പ്രതിഷഠിക്കേണ്ടത് ഗാന്ധിജിയുടെ രാമനെയാണെന്ന മയ്യഴിയുടെ സാഹിത്യകാരന്റെ ഉപദേശവും, ഗാന്ധിജിയുടെ രാമന്‍ ദശരഥപുത്രനൊ, സീതാപതിയൊ അല്ലെന്ന എം.എന്‍.കാരശ്ശേരിയുടെ ലേഖനവും ഹിന്ദുദേശീയതക്ക് എതിരായ ഒളിയമ്പുകളാകുമ്പോള്‍ മുന ഒടിഞ്ഞ പഴയ വിതണ്ഡവാദങ്ങള്‍ തപ്പിയെടുത്ത് ചാതുര്‍വര്‍ണ്യത്തിന്റെ നേരവകാശിയും അവര്‍ണ്ണര്‍ക്കെതിരെയുള്ള പടനായകനുമായിരുന്നു വാല്മീകിയുടെ രാമനെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
ഗാന്ധിജിക്ക് ഈശ്വരസങ്കല്പം ഉണ്ടായിരുന്നില്ലെന്നും ക്ഷേത്ര-ബിംബ ആരാധനക്കെതിരായിരുന്നു ഗാന്ധിജി എന്നും ദൈവത്തിന് മതമില്ലെന്നും മതത്തില്‍ നിന്ന് ദൈവത്തെ മോചിപ്പിച്ചുകൊണ്ട് ഈശ്വരനാണ് സത്യം എന്ന വചനത്തെ തിരുത്തി സത്യം ഈശ്വരനാണെന്ന് ഗാന്ധിജി പ്രഖ്യാപിച്ചെന്നും അതോടെ ഈശ്വരന്റെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കിയെന്നും ലേഖനത്തില്‍ വ്യാഖ്യാനിക്കുന്നു. ഗാന്ധിജിയുടെ തത്വചിന്തയെ വികലമാക്കി അവതരിപ്പിച്ചുകൊണ്ട് അയോദ്ധ്യയില്‍ നടന്ന പ്രാണപ്രതിഷ്ഠയെ എതിര്‍ക്കുകയും ഗാന്ധിജിയെ ആയുധമാക്കി ഹിന്ദുക്കള്‍ക്കെതിരെ പടനയിക്കാനുമാണ് ഹിന്ദുവിരുദ്ധ ബുദ്ധിജീവികള്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ സനാതന ഹിന്ദുവാണ് താനെന്നും സനാതന ധര്‍മ്മത്തിന്റെ മൂര്‍ത്തീരൂപമാണ് ത്രേതായുഗത്തിലെ രാമനെന്നും പല പ്രാവശ്യം പ്രസ്താവിച്ച ഗാന്ധിജിയെ പരിചയാക്കി ഹിന്ദുക്കള്‍ക്കെതിരെ പടവെട്ടാനൊരുങ്ങുന്നവര്‍ ജനകോടികളുടെ ഹൃദയത്തുടുപ്പിലെ ചേതോവികാരമായ വാല്മീകിയുടെ രാമനെയാണ് ഗാന്ധിജിയിലൂടെ അവമതിക്കാന്‍ ശ്രമിക്കുന്നത്.
രാമനാമത്തിന്റെ മാസ്മരികതയിലൂടെ ജനകോടികളുടെ ചേതോവികാരത്തെ ഉയര്‍ത്തിയാണ് അടിമത്വത്തില്‍ നിന്ന് ഭാരതത്തിന്റെ ആത്മപൗരുഷത്തെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ച സ്വാമി വിവേകാന്ദന്റെ കാഴ്ചപ്പാടുമായിട്ടായിരുന്നു ഗാന്ധിജി രാമനാമം ജപിച്ചത്. വിഷയങ്ങളെ ജയിക്കുവാനുള്ള സുവര്‍ണ്ണനിയമമാണ് രാമനാമമെന്നും രാമനാമത്തിലൂടെ മനുഷ്യന് അനാസക്തിയും സമത്വവും ഉണ്ടാകുന്നുവെന്നും ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. സത്യം ഈശ്വരനാണെന്നും അത് വിവിധ രൂപങ്ങളിലെ ഏകത്വവുമാണെന്ന സനാതന ഹിന്ദു സങ്കല്പ്പമാണ് രാമനും റഹീമും രണ്ടല്ല, ഒന്നാണെന്ന ഗാന്ധിജിയുടെ വിവക്ഷയില്‍ നിറയുന്നത്. ”ഏകം സത് വിപ്രാബഹുധാ വദന്തി” എന്ന സനാതന ധര്‍മ്മത്തിന്റെ മര്‍മ്മത്തില്‍ തൊട്ടുള്ള കാഴ്‌ച്ചപ്പാടാണ് ഗാന്ധിജിയില്‍ വെളിവാകുന്നത്. ത്രേതായുഗത്തിലെ വാല്മീകിയുടെ രാമനാണ് സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും മഹത്വത്തെ ലോകസമക്ഷം സാക്ഷാത്കരിക്കുന്നത്. വാല്മീകിയില്ലാതെ രാമായണമില്ല, രാമനില്ലാതെ രാമായണവും ഭാരതീയ പൈതൃകവുമില്ല. ത്രേതായുഗത്തിലെ വാല്മീകിയുടെ രാമനാണ് സത്യത്തിന്റെ പ്രായോഗിക ഭാവവും രൂപവും. വാല്മീകിയെ സ്പര്‍ശിക്കാതെ ഗാന്ധിജിയേയും സത്യത്തേയും വ്യാഖ്യാനിക്കുന്നത് അപൂര്‍ണ്ണമാണ്. വാല്മീകിയെ വിസ്മരിച്ച് ഗാന്ധിജിയെ പുണരുന്നതിന്റെ പിന്നിലെ ഹിഡണ്‍ അജണ്ട ഭാരതീയ പൈതൃകത്തെ നിഷേധിക്കാനും 1947-ലാണ് ഇന്ത്യ രൂപം കൊണ്ടതെന്ന കുബുദ്ധി നിറഞ്ഞ പുത്തന്‍ രാഷ്‌ട്രീയ അസ്തിത്വം രൂപപ്പെടുത്താനുള്ള കുത്സിത ശ്രമവുമാണ്.
എന്താണ് ഹിന്ദുമതമെന്നും ഞാന്‍ സനാതന ഹിന്ദുമതവിശ്വാസിയാണെന്നും വ്യക്തമായി പറഞ്ഞുകൊണ്ട് ഗാന്ധിജി എഴുതിയ ലേഖനങ്ങള്‍ ഇന്ന് ലഭ്യമാണ്. താന്‍ സനാതന ഹിന്ദുവെന്ന് പറയാനുള്ള കാരണങ്ങള്‍ ഗാന്ധിജി തന്റെ കൃതികളില്‍ വിവരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും നാല് കാരണങ്ങളാണ്.
(1) ഹൈന്ദവ മതഗ്രന്ഥങ്ങളായി അറിയപ്പെടുന്ന വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ തുടങ്ങിയവയിലെല്ലാം ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ അവതാരങ്ങളിലും പുനര്‍ ജന്മത്തിലും എനിക്ക് വിശ്വാസമുണ്ട്. (2) ഞാന്‍ ഹിന്ദുമതത്തിലെ ഗോസംരക്ഷണത്തില്‍ വിശ്വസിക്കുന്നു. (3) എനിക്ക് വിഗ്രഹാരാധനയില്‍ അവിശ്വാസമില്ല. ക്ഷേത്രങ്ങള്‍ ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ രാജ്യത്തെ പരിപൂതമാക്കുന്ന ആയിരക്കണക്കിന് പുണ്യക്ഷേത്രങ്ങളെ എന്റെ ജീവന്‍ ബലിയര്‍പ്പിച്ചും സംരക്ഷിക്കുന്ന തിനുള്ള ശക്തി എനിക്കുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ഈശ്വരന്റെ പാര്‍പ്പിടങ്ങളാണ് ക്ഷേത്രങ്ങള്‍. വിഗ്രഹാരാധകര്‍ വന്ദിക്കുന്നത് കല്ലിനെയല്ല, ആ കല്ല് യാതൊന്നിന്റെ പ്രതീകമാണോ ആ ദിവ്യചൈതന്യത്തെ തന്നെയാണ്. (4) ഇന്ന് കാണുന്ന പോലെയല്ലാത്ത ശുദ്ധമായ വൈദിക വര്‍ണ്ണാശ്രമ സമ്പ്രദായത്തിലും ഞാന്‍ വിശ്വസിക്കുന്നു. (ഗാന്ധിസൂക്തങ്ങള്‍).
ഗാന്ധിജിക്ക് മതമില്ലെന്നും, ഗാന്ധിജിയെ മതനിരാസകനും വിഗ്രഹഭഞ്ജകനുമായി വ്യാഖ്യാനിക്കുന്നവര്‍ക്കുള്ള മറുപടി ഗാന്ധിജിയുടെ രചനകളിലും അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ഒളരി കോളനിയില്‍ ഗാന്ധിജി പ്രതിഷ്ഠിച്ച സുബ്രമണ്യ ക്ഷേത്രം ഇതിന് തെളിവാണ്. മതസഹിഷ്ണുതയെ കുറിച്ച് പറഞ്ഞ അവസരങ്ങളില്‍ പോലും മതനിരാസത്തെക്കുറിച്ചും മതപരിവര്‍ത്തനത്തെക്കുറിച്ചും അതിശക്തമായ ഭാഷയിലാണ് ഗാന്ധിജി വിമര്‍ശിച്ചത്. ഹിന്ദു മത ആരാധനയെക്കുറിച്ച് ഗാന്ധിജി ഇങ്ങനെ എഴുതുന്നു:
‘ആരതി, രാമനാമോച്ചാരണം, തുടരെയുള്ള ഭജനാലാപം ഇതൊക്കെ മതപരമായ ആവശ്യങ്ങളാണെന്ന് കരുതുന്നതില്‍ ഒരു തെറ്റുമില്ല. ഒരു കോടതിയുടേയും നിരോധന ഉത്തരവ് അതിനെ ബാധിക്കുകയുമില്ല. എന്ത് സംഭവിച്ചാലും വേണ്ടില്ല, ഭജനാലാപം തുടര്‍ന്ന് നടത്തും, ആരതിനടത്തും, രാമനാമം ജപിക്കുകയും ചെയ്യണമെന്ന എന്റെ ഈ നിലപാട് അംഗീകരിക്കുന്നുവെങ്കില്‍ വിനീതരായ സ്ത്രീപുരുഷന്മാര്‍ നിരായുധരായി വെറുമൊരു വടിപോലുമെടുക്കാതെ ചുണ്ടുകളില്‍ രാമനാമജപവുമായി മുന്നോട്ടുപോകണം. അതല്ല, എന്റെ നിലപാട് സ്വീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രതിപാദം സമരം ചെയ്യേണ്ടിവരും. എന്തായാലും കോടതി ഉത്തരവിനെ ഭയന്നോ, വഴക്കുണ്ടാകുമെന്ന് പേടിച്ചൊ രാമനാമ ഭജനാലാഭം നിര്‍ത്തുകയാണെങ്കില്‍ അത് സ്വന്തം മതത്തെ നിരാകരിക്കുകയാണ്.’-ഗാന്ധി സാഹിത്യ സംഗ്രഹം മറ്റൊരവസരത്തില്‍ കുറച്ചുകൂടി വ്യക്തമായി ഹിന്ദുമതത്തെക്കുറിച്ച് അഭിമാനിക്കുകയും ഹിന്ദുമതത്തെ തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങളെ ഗാന്ധിജി നിരാകരിക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധിജി പറയുന്നു: ‘എന്റെ ആത്മാവിന്റെ ദാഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് ഹൈന്ദവ വേദങ്ങള്‍ക്ക് കഴിയുന്നു. ഞാന്‍ സനാതന ഹിന്ദുവാണ്. ഹൈന്ദവവേദങ്ങളെക്കുറിച്ചുള്ള എന്റെ ധാരണയില്‍ അഴകുള്ള മുദ്രകള്‍ സ്വായത്തമാക്കാന്‍എനിക്ക് സാധിച്ചിട്ടുണ്ട്. അത് എന്റെ ജിവിത വീക്ഷണത്തെ വിശാലമാക്കിയിട്ടുണ്ട്. ഇഹലോകജീവിതത്തില്‍ മുന്നോട്ട് പോകാന്‍ എന്റെ പൂര്‍വ്വികന്‍മാരുടെ മതനാമം തന്നെ സ്വീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ വളര്‍ച്ചയെ മുരടിപ്പിക്കരുത്. നന്മ എവിടെ കണ്ടാലും സ്വീകരിക്കുന്നതിന് അത് പ്രതിബന്ധവുമാകരുത്. എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതാണ് സനാതന ഹിന്ദുത്വം.’ (ഗാന്ധി സാഹിത്യസംഗ്രഹം).
ഗാന്ധിജിക്ക് മതവും ഈശ്വരനും ഇല്ലായിരുന്നെങ്കില്‍ മതപരിവര്‍ത്തനത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുമായിരുന്നൊ? സാര്‍വ്വ ദേശീയ സാഹോദര്യ സംഘടനയുടെ നേതാവ് എ.എ പാളുമായി നടത്തിയ ചര്‍ച്ചയില്‍ ഗാന്ധിജി പറയുന്നു. ”പാപത്തില്‍ നിന്ന് ഈശ്വരനിലേക്കുള്ള ഹൃദയപരിവര്‍ത്തനമാണ് മതപരിവര്‍ത്തനമെന്നും അത് ഈശ്വരന്റെ പ്രവര്‍ത്തിയാണെന്നും ചില മതപ്രചാരകന്‍മാര്‍ പറയുന്നു. മതപരിവര്‍ത്തനം ഈശ്വരന്റെ ജോലിയാണെങ്കില്‍ എന്തിന് ആ പ്രവൃത്തി അദ്ദേഹത്തില്‍ നിന്ന് എടുത്ത് മാറ്റണം.”
വിവിധ മതമേധാവികള്‍ ഇന്ത്യയിലെ ഹരിജനങ്ങളെ അവരുടെ മതത്തിലേക്ക് ആകര്‍ഷിച്ച് കൊണ്ടുപോയി മതം മാറ്റുന്നതിനെ ശക്തമായ ഭാഷയില്‍ ഗാന്ധിജി അപലപിക്കുന്നുണ്ട്. ബ്രിട്ടീഷ് മിഷണറിമാരുടെ കുത്സിത പ്രയത്‌നത്തെ സനാതന ഹിന്ദുവെന്ന നിലയില്‍ പ്രതിരോധിച്ച ഗാന്ധിജി എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും അനാദികാലം മുതല്‍ക്ക് ബാഹ്യവും ആന്തരീകവുമായ പ്രതികൂലങ്ങളെ മറികടന്ന് ഹിന്ദു മതം നിലകൊള്ളുമെന്നും യാഥാര്‍ഥ്യമായിട്ടുള്ളതൊക്കെ എന്നും നിലനില്‍ക്കുമെന്നും മിഷണറിമാര്‍ക്ക് അതിനെ തടയാനാകില്ലെന്നും സുവ്യക്തമായ ഭാഷയില്‍ സൂചിപ്പിച്ചു.
ഗാന്ധിജിയെ ഉദ്ധരിച്ച് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ എതിര്‍ത്ത മതേതര ബുദ്ധിജീവികള്‍ മറന്നുപോയത് വാല്മീകിയുടെ രാമനെയാണ് ഗാന്ധിജി നെഞ്ചിലേറ്റിയത് എന്നതാണ്. ഗാന്ധിജിയുടെ രാമന്‍ ദശരഥപുത്രനല്ലായിരുന്നെങ്കില്‍ ഗാന്ധിജി രാമായണത്തെ എന്തിന് പ്രകീര്‍ത്തിക്കണം. ഗാന്ധിജിയുടെ രാമന്‍ സീതാപതിയല്ലെങ്കി ‘പതീത പാവന സീതാറാം’ എന്ന് എന്തിന് മന്ത്രിക്കണം. ഒരു കാര്യം വ്യക്തമാണ്. ഗാന്ധിജിയുടെ മതവും ഈശ്വരനും സത്യമാണെങ്കില്‍ ആ സത്യം സനാതന ധര്‍മ്മത്തിന്റെ ആന്തരികശക്തിയും അതിന്റെ രൂപം വാല്മീകിയുടെ ദശരഥപുത്രന്‍ അയോദ്ധ്യപതി രാമനുമാണ്. സത്യം ഒരു ദിവസം വിജയിക്കും വിജയിച്ചേ മതിയാകൂ. സരയൂ നദിയുടെ കണ്ണീര്‍ തുടച്ച് അയോദ്ധ്യാപതിയായി ശ്രീരാമന്‍ ജന്മഗൃഹത്തില്‍ വസിക്കുന്നത് കാണാന്‍ കാലങ്ങളായി കാത്തിരിക്കുന്ന കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയരാഗവും താളവുമായിട്ടാണ് ജനുവരി 22-ാം തിയ്യതി അയോദ്ധ്യയില്‍ ജയ് ശ്രീറാം വിളികള്‍ മുഴങ്ങിയത്. ഇന്ത്യന്‍ ജനതയുടെ ഹൃദയവികാരം ഗാന്ധിജിയോളം അറിഞ്ഞ മറ്റൊരാള്‍ ആധുനിക ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കുബുദ്ധി നിറഞ്ഞ ബൗദ്ധികതയുടെ വ്യാജവാദങ്ങള്‍ നിരത്തി അന്ധകാരം സൃഷ്ടിക്കാന്‍ എത്ര ശ്രമിച്ചാലും യുഗങ്ങളായി ജ്വലിക്കുന്ന സനാതനധര്‍മ്മസൂര്യന്റെ കിരണങ്ങള്‍ ഭാരതം മുഴുവന്‍ പ്രകാശമയമാക്കുമെന്നത് കാലത്തിന്റെ നിയതിയാണ്. പ്രാണപ്രതിഷ്ഠയിലെ രാമന്‍ ജനകോടികളുടെ ദശരഥരാമനാണ്. അത് തന്നെയാണ് ഗാന്ധിജിയുടെ രാമനും. ഇന്ന് ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ഗാന്ധിജി നടത്തുമായിരുന്നു.
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: