തിരുവനന്തപുരം: നിയമസഭയില്‍ ധനവകുപ്പിനെ വിമര്‍ശിച്ച് സിപിഐ. എംഎല്‍എമാരുടെ അവകാശം ധനവകുപ്പ് കവര്‍ന്നെടുക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് നല്കിയ തുകകള്‍ കുറഞ്ഞുപോയെന്നും ഗോപകുമാര്‍ വിമര്‍ശിച്ചു.
പ്രതിസന്ധിയിലായ സപ്ലൈകോയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും 500 കോടി രൂപ ഇതിനായി വകയിരുത്തണമെന്നും ചിറ്റയം ആവശ്യപ്പെട്ടു. റേഷന്‍കടകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണം. ഇതിനായി പ്രത്യേക പാക്കേജ് വേണം. റവന്യു, കൃഷി വകുപ്പുകള്‍ക്ക് കൂടുതല്‍ തുക വകയിരുത്തണം.
കര്‍ഷകത്തൊഴിലാളി പെന്ഷന് കൂടുതല്‍ തുക നല്‍കണം. രൂപമാറ്റം വരുത്തിയ വയലുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനുള്ള പദ്ധതികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ തുക അനുവദിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പദ്ധതികള്‍ ധനവകുപ്പ് മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. അന്തിപച്ച തുടങ്ങിയ പദ്ധതികള്‍ക്കും റോഡ് നിര്‍മാണത്തിനും ഉള്‍പ്പെടെ ഫണ്ടുകള്‍ ധനവകുപ്പ് ഒരു കാരണവുമില്ലാതെ നിരാകരിക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ രൂക്ഷ വമിര്‍ശനം ഉന്നയിച്ചു. തങ്ങളുടെ വകുപ്പുകളെ ബജറ്റില്‍ അവഗണിച്ചുവെന്ന പരാതി ബജറ്റ് അവതരിപ്പിച്ചത് മുതല്‍ സിപിഐ നേതൃത്വത്തിനുണ്ട്.
ഭക്ഷ്യമന്ത്രി ജി.ആര്. അനിലും മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണിയും അതൃപ്തി പരസ്യമാക്കുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങളില്‍ സമാന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിറ്റയം ഗോപകുമാറിന്റെ സഭയിലെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: