ബെംഗളൂരു: തന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരേ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും നല്‍കാനും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് ഉത്തരവിട്ടു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി ഹര്‍ജി മാറ്റിവച്ചു.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതുള്‍പ്പെടെയുള്ള ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുന്നത്. സിഎംആര്‍എല്‍, എക്സാലോജിക്കിന് 1.72 കോടി രൂപ കൊടുത്തെന്നും ഇതിനു പകരമായി സിഎംആര്‍എല്ലിന് എക്സാലോജിക് സേവനമൊന്നും ചെയ്തിട്ടില്ലെന്നും എസ്എഫ്ഐഒ കോടതിയില്‍ വ്യക്തമാക്കി. ഇടനിലക്കാരായ രാഷ്ട്രീയക്കാര്‍ക്ക് സിഎംആര്‍എല്‍ 135 കോടി നല്കി. വീണയുടെ ഹര്‍ജിയില്‍ എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവയാണ് എതിര്‍കക്ഷികള്‍. കേസില്‍ അന്തിമ വിധി വരുംവരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
അറസ്റ്റിന് ഉദ്ദേശ്യമില്ലെന്നും തത്കാലം നോട്ടീസേ നല്‍കൂവെന്നും കോടതിയില്‍ എസ്എഫ്ഐഒ പറഞ്ഞു. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ആവശ്യം തള്ളിയ കോടതി, അന്വേഷണത്തിനു തടസമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സിഎംആര്‍എല്ലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് വീണയ്ക്ക് എസ്എഫ്ഐഒ കഴിഞ്ഞ ദിവസം സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എല്ലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായ നോട്ടീസാണ് വീണയുടെ കമ്പനിക്കും കൊടുത്തത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ എസ്എഫ്ഐഒ ആവശ്യപ്പെട്ടു.
എസ്എഫ്ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ നല്കിയ ഹര്‍ജിക്കൊപ്പം ഈ സമന്‍സ് രേഖയും ഹാജരാക്കിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കാന്‍ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങള്‍ക്ക് കൈമാറണമെന്നും ഹര്‍ജിയിലുണ്ട്. അതേസമയം എക്സാലോജിക്കിനെതിരേയുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണവും നടക്കുന്നു. ഇതു തുടരാമെന്നും സിഎംആര്‍എല്ലുമായുള്ള ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്സാലോജിക് അറിയിച്ചു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണമെന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ലെന്ന് എക്സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: