കൊച്ചി: തൃപ്പൂണിത്തുറയിൽ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന പടക്ക ശേഖരണ ശാല പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് കളക്ടറും അഗ്നിരക്ഷാസേനയും വ്യക്തമാക്കി. വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്കനിര്‍മാണശാലകളോ പടക്കശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയര്‍ ആന്റ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു.
സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പലം കമ്മിറ്റി ഭാരവാഹികളിൽപ്പെട്ടവരാണിവർ. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽ നിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഒരു കിലോമീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി.
സ്ഫോടനത്തിൽ രണ്ട് വാഹനങ്ങള്‍ കത്തിനശിക്കുകയും സമീപത്തെ 25-ഓളം വീടുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ ഡേ കെയറിന്റെ മേൽക്കൂര തകർന്നു. സംഭരണശാല നിൽക്കുന്ന സ്ഥലം ക്ഷേത്രത്തിൻ്റേതാണ്.
ഗുരുതര പരിക്കേറ്റത് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കാണ്. ഇതിലൊരാളാണ് മരിച്ചത്. ആകെ 25 പേർക്ക് പരുക്കേറ്റു. ഇതിൽ 18 പേർ സർക്കാർ ആശുപത്രികളിലാണ്. 7 പേർ സ്വകാര്യ ആശുപത്രിയിൽ. മെഡിക്കൽ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ബലക്ഷയം പറ്റിയ കെട്ടിടങ്ങളിൽ ആളുകൾ പ്രവേശിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കെട്ടിടത്തിന്റെ സമീപത്തേക്കും പോകരുതെന്ന് മൈക്ക് അനൗൺസ്മെൻ്റിലൂടെ പോലീസ് അറിയിച്ചു.
സ്‌ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ അകലെയാണ് അഗ്നിരക്ഷാസേനയുടെ ഓഫീസുള്ളത്. സ്‌ഫോടനശബ്ദം കേട്ടയുടന്‍ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്പോള്‍ തീ സമീപത്തെ കടകളിലേക്കും പടര്‍ന്ന അവസ്ഥയിലായിരുന്നു’, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: