ന്യൂദൽഹി: മയക്കുമരുന്ന് കടത്തിയതിന് മൂന്ന് വിദേശ പൗരന്മാരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
ഘാന പൗരന്മാരായ ഡേവിഡ് നർ, ഇമ്മാനുവൽ ഒവുസു എൻസിയ, നൈജീരിയൻ പൗരനായ ചിമോബി ഡേവിഡ് ഒക്‌പാര എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത പോലീസ് റിമാൻഡ് ചെയ്‌തതായി ഡിസിപി പറഞ്ഞു. രാജ്യ തലസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലയ്‌ക്ക് നേതൃത്വം നൽകുന്നവരാണ് പിടിയിലായതെന്നാണ് പോലീസ് ഭാഷ്യം. മാർക്കറ്റിൽ ഏറെ ഗുണനിലവാരമുള്ള 64 ഗ്രാം കൊക്കെയ്‌നും 20 എക്‌സ്‌റ്റസി ഗുളികകളുമാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്.
സ്പെഷ്യൽ സെല്ലിന്റെ ട്രാൻസ് യമുന റേഞ്ചിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പാർട്ടി മയക്കുമരുന്ന് വിതരണക്കാരുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനുള്ള ദൗത്യം ഈ പോലീസ് സംഘമാണ് നടത്തിക്കൊണ്ടിരുന്നതെന്ന് സ്പെഷ്യൽ സെൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് കൗശിക് പറഞ്ഞു.
മയൂർ വിഹാർ ഫേസ് 3 ലെ എസ്എഫ്എസ് ഫ്ലാറ്റ്‌സ് റോഡിന് സമീപം സ്‌കൂട്ടറിൽ വരികയായിരുന്ന നർഹിനെയും എൻസിയയെയും പോലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ 56.69 ഗ്രാം കൊക്കെയ്‌നും 20 എക്‌സ്‌റ്റസി ഗുളികകളും പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്ന് നൈജീരിയൻ പൗരനായി ചിമോബി ഡേവിഡ് ഒക്‌പാറയാണ് നൽകിയതെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായവർ സൂചിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ നൈജീരിയൻ പൗരനെയും പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്നുമായി തിരച്ചിലിനിടെ 7.12 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ഇവരുടെ കൂടുതൽ ബന്ധങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: