തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്‌ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിലപാട് നിർണായകമാകും.
ഏതെങ്കിലും വിധത്തിൽ എതിര്‍ പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്ക സിപിഎം വൃത്തങ്ങളിലുണ്ട്. മാസപ്പടി ആരോപണത്തിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആക്ഷേപങ്ങളിൽ ശക്തമായ പ്രതിരോധത്തിലാണ് സിപിഎം. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലെന്ന വിലയിരുത്തൽ തന്നെയാകും നേതൃത്വം മുന്നോട്ട് വയ്‌ക്കുക.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്.
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ഹർജി കോടതി തീർപ്പാക്കും. വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന – സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയിൽ നീങ്ങിയത്. വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് എസ്എഫ്ഐഒയുടെ തുടർനീക്കങ്ങൾ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്.
ആരോപണമുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികരണമോ നിയമ പോരാട്ടമോ നടത്താത്ത എക്‌സാലോജിക്, എസ്എഫ്ഐഒ അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്. കെഎസ്ഐഡിസിയുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സമർപ്പിച്ച ഹർജിയും ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നുണ്ട്. എതെങ്കിലും വിധത്തിൽ എതിര്‍ പരാമര്‍ശങ്ങൾ എക്സാലോജിക്കിനെതിരെ ഉയര്‍ന്നാൽ നിയമപോരാട്ടത്തിന്റെ മറുവഴികൾ തേടിയാകും സിപിഎം പ്രതിരോധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: