അബുദാബി : രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യു എഇ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഫെബ്രുവരി 10, ശനിയാഴ്ച രാത്രി മുതൽ 13 ചൊവ്വാഴ്ച വെളുപ്പിന് 12വരെ ഒട്ടുമിക്ക എമിറേറ്റുകളിലും ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, റാസ് അൽ ഖൈമ, ഉം അൽ കുവൈൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ പരക്കെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും കരണമാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫെബ്രുവരി 12, 13 തീയതികളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ സമയം മഴയെ തുടർന്ന് ദുബായിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഇന്ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: