നാഴികക്കല്ല് എത്ര നിസ്സാരമായ ഒരു വസ്തുവാണെന്ന് ഞാന്‍ ഓര്‍ക്കുകയാണ്. അതിന്റെ മൂല്യം, യോഗ്യത, കഴിവ്, പഠിപ്പ്, ബുദ്ധി ഇതൊക്കെ എത്ര പരിഹാസാസ്പദമാണ്. എന്നാല്‍ ഇത് ഭാരമേല്പിക്കപ്പെട്ട, തനിക്കായി നിര്‍ണ്ണയിക്കപ്പെട്ട, കര്ത്തവ്യനിര്വഹണാര്ത്ഥം യഥാസ്ഥാനത്ത് നില്പാണ്. സ്ഥാനം മാറണമെന്നുള്ള വിചാരമേ ഇല്ല. ഒരു ചെറിയകാര്യം അതിനറിയാം ധരാസു ഇവിടെനിന്നും ഇത്രമൈല്‍, ഇത്ര ഫര്‍ലാങ്ങ്. കേവലം ഇത്രയും അറിവുമായി ജനസേവനത്തിന്റെ പന്ഥാവിന് ഉറച്ചു നില്‍ക്കുകയാണ്. തുഛമായ, നിസ്സാരമായ ഈ കല്്ക്കഷണത്തിന്റെ ദൃഢമായ വിശ്വാസം എത്ര ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെടുകയാണ്. എന്നെപ്പോലുള്ള നിരവധി യാത്രക്കാര്‍, അതില്‍നിന്ന് വഴിവിവരങ്ങള്‍ മനസ്സിലാക്കി ചിന്താവിമുക്തരാകുന്നു.
ഈ കല്കഷണം വഴികാട്ടാന്‍ ഉപകരിക്കപ്പെടുമെങ്കില്, മണ്വിളക്കിന്, രാത്രിയുടെ അപകടത്തില്‍നിന്നും അന്യരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, സേവന മനോഭാവമുള്ള മനുഷ്യന്, തനിക്കുള്ള ബുദ്ധിയും, പഠിപ്പും, യോഗ്യതകളും സാമര്‍ത്ഥ്യവും കുറവാണെന്ന കാരണത്താല്‍ വെറുതെ ഇരിക്കയാണോ വേണ്ടത്? കുറവ് എല്ലാവരിലുമുണ്ട്. നമ്മിലോരോരുത്തര്‍ക്കും, അവരവരുടെ മേഖലകളില്‍തന്നെ, അറിവിലും, ജീവിത നിലവാരത്തിലും പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി പലതും ചെയ്യാന്‍ കഴിയും. ‘ഇന്ന യോഗ്യത ഉണ്ടായിരുന്നെങ്കില്‍ ഇന്നതു ചെയ്യാമായിരുന്നു’ എന്നു പറഞ്ഞു വെറുതെ സമയം കളയുന്നതിനേക്കാള്‍ മെച്ചമല്ലേ, നമുക്കുള്ള യോഗ്യതയും കഴിവും ഉപയോഗിച്ച് നമ്മെക്കാള്‍ പിന്നോക്കമായവര്ക്കു മാര്‍ഗദര്‍ശനം കൊടുത്തു അവരെ മുമ്പോട്ടു കൊണ്ടുവരിക? നാഴികക്കല്ലിന് ധരാസുവിനും ഗംഗോത്രിക്കുമിടയിലുള്ള ദൂരം മാത്രമേ അറിയാവൂ, അത്രമാത്രമേ കാണിക്കുന്നുമുള്ളു. എന്നിരുന്നാലും അതിന്റെ സേവനത്തിന്റെ മഹത്വം അല്പമൊന്നുമല്ല. ഇതിന്റെ അഭാവം മൂലം ‘ഉത്തരകാശി’ മുതല്‍ ‘ഭട്വാഡി’വരെ വളരെ ബുദ്ധിമുട്ടനുഭവിച്ചു. കൂടാതെ നാളെ സംഭവിക്കാന്‍ പോകുന്ന ‘ഗോമുഖദര്ശന’ത്തെപ്പറ്റിയുള്ള മധുരസങ്കല്പത്തിനിടയിലും ഇതിന്റെ അഭാവം മനസ്സിനെ മഥിക്കുകയാണ്.
നമ്മിലെത്രയോ പേര്‍ക്ക് നാഴികക്കല്ലിനെ അപേക്ഷിച്ച് വലുതായ സേവനമനുഷ്ഠിക്കാന്‍ കഴിയും. പക്ഷേ നമ്മിലുള്ള ആത്മവിശ്വാസവും ഉറപ്പും അന്യകഴിവുകളുമുപയോഗിച്ച് ദൃഢനിശ്ചയത്തോടെ നിന്നാല്‍ മാത്രമേ നമ്മെക്കൊണ്ടുള്ള പ്രയോജനം സഫലമാക്കാനുള്ള അവസരം ലഭിക്കൂ.
സ്വന്തവും അന്യവും
തുടര്‍ച്ചയായുള്ള നടപ്പുകാരണം കാലിന്റെ വെള്ള കുമളിച്ചു പൊട്ടി. ഇന്ന് എണ്ണിനോക്കിയപ്പോള്‍ 10 ഇടം കുമളിച്ചുപൊട്ടിയതായി കണ്ടു. ദുര്‍ഘടമായ വഴിയില്‍ പ്രയോജനപ്പെടുമെന്നു കരുതിയാണ് ക്യാന്‍വാസ് ഷൂസ് ധരിച്ചിരുന്നത്. അതും രണ്ടിടത്തു മുറിവേല്പിച്ചു. പഴുക്കാതെ പൊട്ടിയ ഭാഗങ്ങള്‍ വെളുത്തും, വെള്ളം നിറഞ്ഞു കുമളിച്ചിടമെല്ലാം മഞ്ഞിച്ചുമിരുന്നു. നടക്കുമ്പോള്‍ വേദനയെടുക്കുന്നുണ്ടായിരുന്നു. വെളുത്തതും മഞ്ഞിച്ചതുമായ പല്ലുകള്‍ കടിച്ച്, കാലുകള്‍ തങ്ങളുടെ നിസ്സഹായത പ്രകടിപ്പിക്കുകയാണെന്നു തോന്നി.
ഏത്തേണ്ട സ്ഥലം ഇനിയും ദൂരെയാണ്. നിശ്ചിതസ്ഥാനത്ത് ‘ഗുരുപൗര്‍ണ്ണമി’ ദിവസമാകുമ്പോഴേക്കെങ്കിലും ചെന്നെത്തിയിരിക്കണം. കാലുകള്‍ ഇപ്പോഴേ പല്ലിറുമ്മാന്‍ തുടങ്ങിയാലെങ്ങിനെയാണ്? ഇന്നലെ ഞൊണ്ടി ഞൊണ്ടി ഒരു കണക്കിന് നടന്നു. ഇന്നത്തെ കാര്യം പ്രയാസമാണെന്നു തോന്നുന്നു. രണ്ടു മൂന്നിടത്ത് കുമളിച്ചു പൊട്ടി മുറിവായി, നടക്കാനാണെങ്കില് പ്രയാസം. നടക്കാതിരുന്നാല്‍ നിര്ദ്ദിഷ്ടസമയത്തിനുള്ളില് ഉദ്ദിഷ്ടസ്ഥാനത്ത് എത്താനും പറ്റുകയില്ല. ഈ ചിന്ത ദിവസം മുഴുവന്‍ അലട്ടിക്കൊണ്ടിരുന്നു.
കാലിലൊന്നുമിടാതെ നടക്കാനും വയ്യായിരുന്നു. വഴിനീളെ മുള്ളുപോലെ കൂര്‍ത്ത കല്ലുകളായിരുന്നു. അത് കൊണ്ടുകഴിഞ്ഞാല്‍ മുള്ളുകൊണ്ടതുപോലുള്ള വേദനയും. ഒരു ഉപായം ചെയ്തു. മുണ്ടിന്റെ പകുതി ഭാഗം മുറിച്ച് തുണ്ടുകളാക്കി ഓരോ കാലിലും കെട്ടി. ഷൂസ് ഊരി സഞ്ചിയിലിട്ടു. പതുക്കെ നടന്നു.
ബൂദ്ധിമുട്ടുസമയത്ത് പല്ലിറുമ്മി കാണിക്കുന്ന കാലുകള്‍ ഒരുവശത്ത്, എവിടെയോ ജനിച്ചുവളര്‍ന്ന, സഹോദരതുല്യം സഹായിക്കുന്ന ഈ മുളങ്കമ്പുവടി മറുവശത്ത്. കയറ്റം ഉള്ള സ്ഥലത്ത് ഇത് മൂന്നാമത്തെ കാലുപോലെ ഉപകരിക്കപ്പെടുന്നു. വൃദ്ധരോഗിയെ സ്വജനങ്ങള് തോളിലെടുത്തുകൊണ്ടു നടക്കുന്നതുപോലെ, ശരീരം തളര്‍ന്നു ശേഷിയില്ലാതെ വരുമ്പോള്‍ ഈ വടി സ്വജനങ്ങളെപ്പോലെ സഹായിക്കുന്നു.
ഗംഗ്നാനി താവളം കഴിഞ്ഞുളള വഴി മഴ കാരണം തെന്നുന്നതായിരുന്നു. ഒരു ഭാഗത്ത് മല, മറുഭാഗത്ത് ഗംഗയുടെ ഇടുങ്ങിയ വഴി. ഓരോ കാലുവയ്പിലും ജീവന്മരണപ്രശ്നം പരിഹരിച്ചത് ഈ മുളം തണ്ടായിരുന്നു. ഷൂസുകളെപ്പോലെ ഇതും സഹായിക്കാതിരുന്നെങ്കില്, ഈ വരികളെഴുതുന്ന വിരലുകള്‍ തന്നെ കാണുമായിരുന്നില്ല.
വളരെ ആശകളോടെ വാങ്ങിയ ഷൂസുകള്‍ കാലില്‍ മുറിവേല്പിച്ചു. വിശ്വാസാര്ഹമായിരുന്ന കാലുകള്‍ പല്ലിറുമ്മിക്കാട്ടി. പക്ഷേ ഒരു കാശിന് വിലയില്ലാത്ത ഈ മുളവടി ചെയ്ത സഹായം ഓര്്ക്കുമ്പോള് കൃതജ്ഞതാപൂര്‍വം അതിന്റെ ഗുണങ്ങളെ വാഴ്ത്താന്‍ മനസ്സു മന്ത്രിക്കുന്നു.
സ്വജനങ്ങളില് നിന്നും വലിയ പ്രതീക്ഷകളുണ്ടായിരുന്നു, അത് സംഭവച്ചില്ല. ഇതില്‍ ദേഷ്യം തോന്നി. അടുത്തനിമിഷം അന്യനെന്നു കരുതിയ വടിയുടെ വിശ്വസ്തത ഓര്‍മ്മ വന്നു. മുഖത്തു പ്രസന്നത തെളിഞ്ഞു. തടസ്സങ്ങള്‍ സൃഷ്ടിച്ചവരെപ്പറ്റി ഓര്‍ക്കുന്നതിനുപകരം, എന്തുകൊണ്ട് ഉദാരമായി സഹായിച്ച് ഇവിടെ എത്തിച്ചവരെ ഓര്‍ത്തുകൂടാ. സ്വന്തപ്പെട്ടവരെന്നും അന്യരെന്നും ചിന്തിക്കുന്നതെന്തിനാണ്? ഈശ്വരന്റെ സമക്ഷം എല്ലാവരും സ്വജനങ്ങളാണ്, എല്ലാവരും അന്യരും.
സ്വല്പത്തില് സംതൃപ്തി
ഇന്നു പര്‍വതവാസികളുടെ ക്ലേശപൂര്‍ണമായ ജീവിതം ശ്രദ്ധാപൂര്‍വം വഴിനീളെ നോക്കികാണുകയും അതിനെപ്പറ്റി ചിന്തിക്കുകയുമായിരുന്നു. മലകളില്‍ അവിടവിടെയായി നാലും അഞ്ചും മുഴം ഉപയോഗപ്രദമായികണ്ട സ്ഥലമെല്ലാം ചെറിയ ചെറിയ കൃഷിസ്ഥലങ്ങളാക്കി. ഇവിടെ കാളകളെ വളര്ത്തിപ്പോറ്റുക സാദ്ധ്യമല്ല. കൂന്താലികൊണ്ടു കിളച്ചു ശരിയാക്കിവേണം കൃഷി ചെയ്യാന്‍. വിളവെടുപ്പുസമയത്ത് കൊയ്തെടുത്ത് ചുമലില്‍ വച്ച് മുകളിലുള്ള പാര്‍പ്പിടങ്ങളില്‍ എത്തിക്കണം. പിന്നീടതു തൊണ്ടും തൊലിയും കളഞ്ഞു അന്നമാക്കിയെടുക്കുന്നു. അരുവികള്‍ ഇല്ലാത്തിടത്ത് താഴ്വാരത്തുനിന്നും വെള്ളം തലയിലോ ചുമലിലോ വച്ച് മുകളില്‍ കൊണ്ടുവരണം. അങ്ങിങ്ങായി പുരുഷന്മാരെ കാണാം. സ്ത്രീകളാണ് കൃഷിപ്പണികളെല്ലാം ചെയ്യുന്നത്. മലകളുടെ മുകളില്‍ പോയി പുല്ലും വിറകും കൊണ്ടുവരുന്നതും അവര്‍ തന്നെയാണ്.
ഞങ്ങള്‍ യാത്രചെയ്തു ക്ഷീണിച്ചു പോകുന്നു. അതിനെക്കാള്‍ എത്രയോ കൂടുതല്‍ കയറ്റവും ഇറക്കവുമാണ് ഇവര്‍ക്കെന്നും കയറി ഇറങ്ങേണ്ടി വരുന്നത്. വിനോദ സൗകര്യങ്ങളൊന്നുംതന്നെ ഇവിടില്ല. കൈകൊണ്ടു തുന്നിയെടുത്തതും കീറിപ്പറിഞ്ഞതുമായ പരുത്തിത്തുണികളും കമ്പിളിവസ്ത്രങ്ങളുമാണ് അവര്‍ക്കുള്ളത്. എന്നിരിക്കിലും അവര്‍ സന്തുഷ്ടരായി കാണപ്പെട്ടു. കൃഷിപ്പണികള്‍ ചെയ്തുകൊണ്ട് സ്ത്രീകള്‍ സംഘഗാനങ്ങള്‍ പാടുന്നുണ്ടായിരുന്നു. അവരുടെ ഭാഷകള്‍ വശമില്ലാതിരുന്നതിനാല്‍ പാട്ടുകളുടെ അര്‍്ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവരില്‍ ്നിന്നുതിര്ന്ന ഉല്ലാസവും സന്തോഷവും മനസ്സിലാക്കാന്‍ പ്രയാസമില്ലായിരുന്നു.
ഞാന്‍ ആലോചിക്കുകയാണ്: ഈ പര്‍വതവാസികളെ അപേക്ഷിച്ച്, സമതലപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ധനവും സമ്പത്തും, വിദ്യാഭ്യാസ സൗകര്യങ്ങളും വീടുകളും സുഖവും, ആഹാരവും എന്തുമാത്രം കൂടുതലായുണ്ട്; അദ്ധ്വാനവും കുറവാണ്. എന്നിട്ടും ആളുകള്‍ തങ്ങള്‍ ദുഃഖിതരും അസംതൃപ്തരുമാണെന്നു കരുതുന്നു. സദാസമയവും പരാതിപ്പെട്ടു കഴിയുന്നു. മറുഭാഗത്ത് ഇവരെ നോക്കൂ. വളരെ കഠിനാദ്ധ്വാനം ചെയ്തു കിട്ടുന്ന അത്യല്പമായ സാധനസാമഗ്രികള്‍ കൊണ്ടു ജീവിതയാപനം ചെയ്യുന്നു. അതിലുമുപരിയായി സന്തുഷ്ടരായി, ശാന്തിയോടെ കഴിയുന്നു. എന്തുകൊണ്ടാണ് ഈ വ്യത്യാസം?
അസംതൃപ്തി ഒരു മനോഭാവമാണ്. സാധനങ്ങളുമായല്ല, മോഹങ്ങളുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. മോഹങ്ങളെ തൃപ്തിപ്പെടുത്തുക സാദ്ധ്യമല്ല. അതു സുരസ(ഹനുമാനെ വിഴുങ്ങാന്‍ വന്ന മുതല)യുടെ വായ്പോലെ അധികാധികം വലുതായി വരും. അന്യഥാ, ഈ മലനാട്ടുകാരേക്കാള്‍ എത്രയോ മടങ്ങു സുഖസൗകര്യങ്ങളും സമ്പത്തുകളുമുള്ളവര് എന്തുകൊണ്ടാണ് അസന്തുഷ്ടരായി കഴിയുന്നത്? സാധനസാമഗ്രികള്‍ അത്യല്പമായിരുന്നിട്ടും ഈ പര്‍വതവാസികള്‍ കൊട്ടും പാട്ടുമായി ഹര്‍ഷോല്ലാസത്തോടെ കഴിയുന്നതെന്താണ്?
സാധനസാമഗ്രികള്‍ കൂടുതലുള്ളതു നല്ലതു തന്നെ. അത് ആവശ്യവുമാണ്. എന്നാല്‍ കിട്ടുന്നത്രയുംകൊണ്ട് സന്തുഷ്ടരാവുകയും ആവശ്യത്തിലധികം നേടിയെടുക്കാന്‍ ശ്രമിക്കാതിരിക്കയുമാണ് വേണ്ടത്. അശാന്തരും അസംതൃപ്തരുമായി ജീവിച്ച് ഈശ്വരദത്തമായ ഉപഹാരം എന്തിനാണ് വൃഥാവിലാക്കുന്നത്.
പരിഷ്ക്കാരത്തിന്റെ അന്ധമായ കുതിച്ചോട്ടത്തില്‍, ചെലവുകൂട്ടി, കൂടുതല്‍ അസംതൃപ്തി നേടുന്ന നമ്മുടെ ഇപ്പോഴത്തെ ജീവിതരീതി ശരിയല്ല. ഈ യാഥാര്‍്ത്ഥ്യം ശരിയായി പാലിക്കുന്നത് മലവര്‍ഗ്ഗക്കാരാണ്. അവര്‍ക്ക് ഇതേപ്പറ്റി പ്രഭാഷണം ചെയ്യാനോ, പ്രബന്ധങ്ങള്‍ എഴുതാനോ അറിയില്ലെങ്കിലെന്താണ്?
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: