പതഞ്ജലി മഹര്‍ഷിയുടെ അഷ്ടാംഗയോഗയിലെ എട്ട് അംഗങ്ങള്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. ജീവാത്മബോധത്തെ പരമാത്മബോധവുമായി താദാത്മ്യം പ്രാപിക്കുന്നതിനായി അഷ്ടാംഗയോഗ നമ്മെ സഹായിക്കുന്നു. യോഗപദ്ധതി ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത് നമുക്കറിയാം. രോഗങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനു പകരം അരോഗാവസ്ഥ നേടിയെടുക്കാന്‍ യോഗപദ്ധതി സഹായിക്കുന്നു. മനുഷ്യശരീരത്തിന്റെ സമഗ്രമായ ശാക്തീകരണതോടൊപ്പം സന്തുലിതമായ മനോബുദ്ധികള്‍ യോഗ പ്രദാനം ചെയ്യുന്നു.
അഷ്ടാംഗയോഗയുടെ ആദ്യത്തെ രണ്ടംഗങ്ങളായ യമവും നിയമവും യോഗസാധകന്‍ നേടിയെടുക്കേണ്ട അടിസ്ഥാനയോഗ്യതയാണ് എന്ന് നമുക്ക് കാണാന്‍ കഴിയും. അത് യോഗസാധനയ്‌ക്ക് വേണ്ട മാനസികാവസ്ഥ നേടിയെടുക്കാന്‍ സാധകനെ തയ്യാറാക്കുന്നു. ഹിന്ദുധര്‍മ്മം ഉപദേശിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ തന്നെയാണ് അവ. ലോകകല്യാണകാരകമായ സമബുദ്ധി അത് പ്രദാനം ചെയ്യുന്നു. ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാന മനോഭാവമായ ‘സര്‍വ്വേപി സുഖിനഃ’ (എല്ലാവരും സുഖമായിരിക്കട്ടെ) എന്നത് നേടിയെടുക്കാന്‍ യമ -നിയമങ്ങളുടെ അനുഷ്ഠാനം കാരണമാകുന്നു. യമം അഞ്ച് ഗുണങ്ങളാണ് അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയാണവ. നിയമം എന്നാല്‍ ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ്. സമ്പൂര്‍ണ്ണനായ ഒരു വ്യക്തിയായി മാറാന്‍ ഈ ഗുണങ്ങള്‍ സ്വാംശീകരിക്കുന്നതിലൂടെ സാധിക്കുന്നു. ഉന്നതചിന്തകള്‍ വ്യക്തിയെ നല്ല പൗരനാക്കിത്തീര്‍ക്കുന്നു. നല്ല പൗരന്മാര്‍ രാഷ്‌ട്രത്തെ ഉന്നതിയിലേക്കും നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക