മാനന്തവാടി: അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്ന എന്ന മോഴ ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് മണ്ണുണ്ടിയില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. രണ്ടുതവണ ദൗത്യ സംഘത്തിന്റെ മുന്നിലെത്തിയ ആനയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദിനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
മണ്ണുണ്ടി ഭാഗത്ത് തെരച്ചില്‍ അവസാനിപ്പിച്ച് റേഞ്ച് ഓഫീസറും സംഘം മടങ്ങാനൊരുങ്ങവെയാണ് നാട്ടാകാര്‍ വാഹനം തടഞ്ഞു. വൈകിട്ട് 4.20ന് മണ്ണുണ്ടി ഭാഗത്ത് ആനയുടെ സിഗ്നല്‍ കിട്ടിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ഇങ്ങോട്ടെത്തിയത്. എന്നാല്‍ പിന്നീട് ആന ഈ ഭാഗത്ത് നിന്ന് മാറി എന്ന് പറഞ്ഞ് 5.30ഓടെ റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദും വെറ്ററിനറി സംഘവും മടങ്ങാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു.
ആനയെ പിടികൂടാതെ റേഞ്ച് ഓഫീസറെ വിടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്നും ആനയെ തെരയാന്‍ മറ്റൊരു ഭാഗത്തേക്കു പോകുകയാണെന്നും ആനയെ കണ്ടെത്തിയാല്‍ എത്ര രാത്രിയായാലും മയക്കുവെടി വയ്ക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: