ചെന്നൈ: തമിഴ് നാട്ടിൽ ദളിത് തൊഴിലാളികളായ സ്ത്രീകളോട് വിവേചനം കാട്ടിയ രണ്ടുപേർ അറസ്റ്റിൽ. ഗൗണ്ടർ സമുദായത്തിൽപ്പെട്ട രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. മരപ്പനായ്‌ക്കൻപട്ടി സ്വദേശികളായ ചിന്നത്തായി (60), മരുമകൾ ബി ധരണി (32) എന്നിവരെയാണ് കമ്പൈനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോളയംപാളയം സ്വദേശിനിയായ ദളിത് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് പോലീസ് നടപടി. നാല് ദളിത് സ്ത്രീകൾക്കാണ് ഇവർ ചിരട്ടയിൽ ചായ നൽകിയത്. തമിഴ്നാടിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ധർമ്മപുരിയിലാണ് സംഭവം. പ്രതിയുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു പരാതിക്കാരി. പോളയംപാളയത്ത് നിന്നുള്ള സ്ത്രീകളും ഇവിടെ ജോലിക്കെത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലിക്കിടെ തങ്ങൾക്ക് ചിരട്ടയിലാണ് ചായ നൽകിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
ഇതിനുമുമ്പും ഇവരുടെ ഭാഗത്ത് നിന്നും ഇത്തരം വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മരപ്പനായ്‌ക്കൻപട്ടിയിലെ ദളിതരിൽ ഭൂരിഭാഗവും വിവേചനം അനുഭവിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ ആരോപിച്ചു. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ആരോപണം വാസ്തവമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാടത്ത് പണിയെടുത്തിരുന്ന ദളിത് തൊഴിലാളികൾക്ക് ഇവർ ചിരട്ടയിലാണ് ചായ നൽകിയിരുന്നതെന്ന് കമ്പൈനല്ലൂർ പോലീസ് ഇൻസ്പെക്ടർ പി കാളിയപ്പൻ പറഞ്ഞു.
ചിന്നത്തായിക്കും ധരണിക്കുമെതിരെ 2015ലെ എസ്‌സി/എസ്ടി ആക്‌ട് സെക്ഷൻ 3(1)(ആർ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: