തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് നിലയ്ക്കുന്നു. മരുന്ന് വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ള വന്‍ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇത് കാന്‍സര്‍ രോഗികളെ ആശങ്കയിലാക്കുകയാണ്.
കാന്‍സര്‍ രോഗത്തിന് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴി വിതരണം ചെയ്തിരുന്ന 110 ഇനം മരുന്നുകളില്‍ തൊണ്ണൂറിലധികം മരുന്നുകളും നിലച്ച സ്ഥിതിവിശേഷമാണുള്ളത്. പ്രധാനമായും കീമോതെറാപ്പിക്കുള്ള മരുന്ന് മിക്ക ആശുപത്രികളിലുമില്ല. കീമോതെറാപ്പി ചെയ്യാനായി എത്തുന്ന രോഗികള്‍ പുറത്ത് നിന്നും മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ തേടുന്ന രോഗികളില്‍ 90 ശതമാനവും സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി, കാരുണ്യ ബനവന്സ് ഫണ്ട് ചികിത്സാ പദ്ധതികളിലാണ്. ഇവര്‍ക്ക് ഇതുവരെ ആശുപത്രികളുടെ വരുമാനത്തില്‍ നിന്ന് പുറത്തുനിന്ന് മരുന്ന് വാങ്ങി നല്‍കിയിരുന്നു. ഇനി മുതല്‍ അതും നിലയ്ക്കുകയാണ്. രോഗികള്‍ക്ക് ഇത്തരത്തില്‍ മരുന്ന് വാങ്ങി നല്കിയ വകയില്‍ കോടികളാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളതായി പറയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് മാത്രം നൂറ് കോടിയോളം ലഭിക്കാനുള്ളതായിട്ടാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളജിന് 130 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജിന് 170 കോടിയും ലഭിക്കാനുണ്ടെന്ന് പറയുന്നു. ഇതിന് പുറയെ ആര്‍സിസിക്കും കോടികളുടെ ബാധ്യതയുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ കുടിശ്ശികയുള്ളതുകൊണ്ട് മിക്ക മരുന്ന് വിതരണ കമ്പനികളും കെഎംഎസ്സിഎല്ന്റെ ടെന്‍ഡറില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്ഥിതിവിശേഷമാണുള്ളത്.
സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വിവിധ ചികിത്സാ പദ്ധതികളില്‍ ചികിത്സ തേടുന്ന കാന്‍സര്‍ രോഗികള്‍ ചികിത്സ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലേക്ക് മാറുമെന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: