ന്യൂദല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി ഡെനിസ് അലിപോവ് ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇതിനെയാണ് അമേരിക്ക തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളെ പോലെ രാഷ്ട്രീയത്തിലോ ആഭ്യന്തര കാര്യങ്ങളിലോ ഇരു രാജ്യങ്ങളും കൈകടത്തിയിട്ടില്ല. എല്ലായ്പ്പോഴും പരസ്പര ബഹുമാനത്തോടെ വിശ്വാസ്യമായ ബന്ധമാണ് നിലനിര്‍ത്തുന്നത്. ഇന്ത്യയെ റഷ്യയില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണ് യുഎസ് പിന്തുടരുന്നത്. ദ്വിതീയ ഉപരോധങ്ങളിലൂടെ അവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാരണത്താല്‍ തന്നെ ഇന്ത്യന്‍ പങ്കാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരമൊരു സമീപനമെടുക്കാന്‍ തയ്യാറാല്ലാത്തവരും കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സമാനതകളില്ലാത്തതാണെന്നും റഷ്യന്‍ അബാസഡര്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ സംരംഭങ്ങളില്‍ റഷ്യ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണ്. പ്രതിരോധ രംഗത്തിന് കരുത്ത് പകരാനും റഷ്യക്ക് സാധിക്കുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും അലിപോവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: