ബെനോനി: അണ്ടര്‍ 19 ലോക കിരീടം പോരാട്ടത്തിന് ഇന്ന് കലാശക്കൊട്ട്. ഉച്ചയ്‌ക്ക് ഒന്നര മുതല്‍ ആരംഭിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കിരീടം നിലനിര്‍ത്താന്‍ ഭാരതം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങും. ദക്ഷിണാഫ്രിക്കന്‍ നഗരമായ ബെനോനിയിലെ വില്ലോമൂര്‍ പാര്‍ക്കില്‍ നടക്കുന്ന പോരാട്ടത്തില്‍ ഭാരതത്തിന്റെ തുടര്‍നേട്ടത്തിന് തടയിടാനാണ് ഓസീസ് പടയൊരുക്കം.
ഇതുവരെ തോല്‍വിയറിയാതെയാണ് ഇരു ടീമുകളും ഫൈനല്‍ വരെ മുന്നേറിയിരിക്കുന്നത്. ഭാരതത്തെ അപേക്ഷിച്ച് സെമി ഒഴികെ എല്ലാ മത്സരങ്ങളിലും വമ്പന്‍ ജയങ്ങളാണ് നേടിയത്. ഉദയ് സഹരണിന് കീഴിലുള്ള ടീമിന് ഈ ലോകകപ്പില്‍ രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്ന ആദ്യ മത്സരവും സെമിയിലേതായിരുന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ കരുത്തന്‍ വെല്ലിവുളിയെ മറികടന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഭാരതം. ആതിഥേയര്‍ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യത്തെ മറികടന്നത് രണ്ട് വിക്കറ്റ് കൈയ്യിലിരിക്കെയാണ്. അതും ഏഴ് പന്ത് ബാക്കിയുള്ളപ്പോള്‍. അത്രമാത്രം തീവ്രതയുള്ള പോരാട്ടത്തെ അതിജയിച്ചായിരുന്നു ഭാരതത്തിന്റെ ഫൈനല്‍ പ്രവേശം. ഈ ലോകകപ്പില്‍ ഭാരതത്തിന് കരുത്തുറ്റ എതിരാളിയെ കിട്ടിയത് അപൂര്‍വ്വമായി മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശും സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡും ഉണ്ടായിരുന്നെങ്കിലും ഏകപക്ഷീയമായ വിജയമാണ് അവര്‍ക്കെതിരെ ഭാരതം നേടിയെടുത്തത്.
ഭാരതം ഫൈനലിലേക്കെത്തിയ വഴിയെ അപേക്ഷിച്ച് ഓസീസിന് കാര്യങ്ങള്‍ അല്‍പ്പം കടുപ്പമേറിയതായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ശ്രീലങ്ക, സിംബാബ്‌വെ വെല്ലുവിളികള്‍ കടന്ന ടീമിന് സൂപ്പര്‍ സിക്‌സില്‍ നേരിടേണ്ടി വന്നത് രണ്ട് ശക്തരായ ടീമുകളെയായിരുന്നു. ഇംഗ്ലണ്ടിനെയും വെസ്റ്റിന്‍ഡീസിനെയും. തുടര്‍ന്ന് സെമിയില്‍ പാകിസ്ഥാനെതിരെ. ബൗളര്‍മാരുടെ ബലത്തില്‍ സെമി വരെ മുന്നേറിയ പാകിസ്ഥാനെ മറികടക്കുക വലിയ പ്രയാസമായിരുന്നു. നേരീയ വിജയം നേടിക്കൊണ്ടാണ് ടീം ഫൈനല്‍ പാസ് നേടിയെടുത്തത്. പാക് പട ഉയര്‍ത്തിയ 179 എന്ന ചെറിയ സ്‌കോര്‍ മറികടക്കാന്‍ ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു. അഞ്ച് പന്തുകള്‍ മാത്രം ശേഷിക്കെ ആയിരുന്നു വിജയം.
ഫൈനലിനൊരുങ്ങുമ്പോള്‍ ഓസ്‌ട്രേലിയയ്‌ക്ക് ഭാരതത്തിനോട് അണ്ടര്‍ 19ലെ പലകണക്കുകളും പറയാനുണ്ട്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഓസീസിനെ തകര്‍ത്ത് മുന്നേറി ഫൈനലിലെത്തിയാണ് ഭാരതം അഞ്ചാം ലോക കിരീടം നേടിയത്. അതിന് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നത് 2018 ലോകകപ്പിലായിരുന്നു. അന്ന് പൃഥ്വി ഷായ്‌ക്ക് കീഴിലുള്ള ഭാരതനിര ഓസീസിനെ കീഴടക്കി കപ്പുയര്‍ത്തി.
ഇത്തവണ ആറാം കിരീടം ഉറപ്പിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന ഭാരതത്തിനെതിരെ ഓസീസും ഒരുങ്ങിക്കഴിഞ്ഞു. മികവിനപ്പുറം കപ്പടിക്കാന്‍ മിടുക്കുള്ളവരാരെന്ന് വ്യക്തമാകാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക