ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പദയാത്രയ്ക്ക് അനുമതി നിഷേധിച്ച് ചെന്നൈ സിറ്റി പോലീസ്. അണ്ണാമലൈയുടെ ‘ എന്‍ മണ്ണ്, എന്‍ മക്കള്‍’ പദയാത്ര ഞായറാഴ്ച ചെന്നൈ നഗരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഇതിനാണ് സിറ്റി പോലീസ് അനുമതി നിഷേധിച്ചത്.
ഞായറാഴ്ചയോടെ ചെന്നൈ നഗരത്തിലെത്തുന്ന പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
‘ട്രാഫിക് തിരക്കുകള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചത്. പദയാത്രയ്ക്ക് അനുമതി നല്കിയാല് നഗരത്തിലെ ട്രാഫിക് കുരുക്കുകള്‍ രൂക്ഷമാകും,’പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് നടപടിയെ വിമര്‍ശിച്ച് സംസ്ഥാന ബിജെപി വക്താവ് എഎന്‍എസ് പ്രസാദ് രംഗത്തെത്തി. ‘ട്രാഫിക് പ്രശ്നം ചൂണ്ടിക്കാട്ടി പദയാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന പോലീസ്, ഡിഎംകെ സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും അനുമതി നല്‍കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ അണ്ണാമലൈ ഈ തടസ്സങ്ങളെല്ലാം അതിജീവിച്ച് പദയാത്ര നടത്തും,’ അദ്ദേഹം പറഞ്ഞു.
നേരത്തെ സംസ്ഥാന ബിജെപി ഉപാധ്യക്ഷന്‍ കാരു നാഗരാജന് സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് റായ് റാത്തോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പദയാത്രയ്ക്ക് അനുമതി നല്‍കണമെന്ന് കമ്മീഷണറോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഷോളിംഗനല്ലൂര്‍, പെരുങ്കുടി, നന്ദനം എന്നീ സ്ഥലങ്ങളില്‍ പദയാത്ര നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ സിറ്റി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: