സി. ബാലചന്ദ്രന്‍
സ്വാഗതസംഘം ജന. കണ്‍വീനര്‍
ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘം മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് സംഘടനാ സമ്മേളനങ്ങള്‍ നടത്താറുള്ളത്. കൊവിഡ് മഹാമാരിയുടെ അന്തരീക്ഷത്തില്‍ പരിമിതമായ പരിപാടികളോടെയാണ് 19-ാം സമ്മേളനം 2020 ഡിസംബര്‍ 26, 27 തീയതികളില്‍ എറണാകുളത്ത് നടത്തിയത്. ആഘോഷത്തിന്റെയും അഭിമാനത്തിന്റെയും കാറ്റ് രാജ്യമാസകലം വീശിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് 20-ാം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടക്കുന്നത്.
ഭാരതീയരെ മാനസികമായി കീഴടക്കുകയെന്ന ഉദ്ദേശത്തില്‍ 500 വര്‍ഷം മുമ്പ് വിദേശ അക്രമികള്‍ തകര്‍ത്ത അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രം പുനര്‍നിര്‍മിച്ച് പ്രാണപ്രതിഷ്ഠ നടത്തിയ സമയത്തുതന്നെയാണ് ബിഎംഎസ് പ്രവര്‍ത്തകര്‍ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിച്ചിരുന്നത്. ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിച്ചുകഴിഞ്ഞ അവസരത്തിലാണ് ലോകത്തിലെ മുഖ്യ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷപദവി ഭാരതം ഏറ്റെടുത്തത്. ഇതോടനുബന്ധിച്ച് രാജ്യത്തിന്റെ പല സ്ഥലങ്ങളിലായി വിവിധതരത്തിലുള്ള അന്തര്‍ദേശീയ യോഗങ്ങളും ദല്‍ഹിയില്‍ ലോകനേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയും നടക്കുകയുണ്ടായി. ‘വസുധൈവകുടുംബകം’ എന്ന ഭാരതത്തിന്റെ ആപ്തവാക്യം തന്നെയാണ് ജി-20യുടെ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20യുടെ സന്ദേശമായി ലോകത്തിന് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ‘ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി’ എന്ന സന്ദേശം ജി-20യുടെ മുഖമുദ്രയായി സ്വീകരിക്കപ്പെട്ടത്.
ജി-20യുമായി ബന്ധപ്പെട്ട തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ചിട്ടുള്ള എല്‍-20 (ലേബര്‍ – 20) യുടെ അധ്യക്ഷപദവി വഹിച്ചത് ഭാരതീയ മസ്ദൂര്‍ സംഘമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഈ ഗ്രൂപ്പിന്റെ പല സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. വിവിധ രാജ്യങ്ങളിലെ തൊഴിലാളി സംഘടനാ നേതാക്കളും പ്രസ്തുത പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. ‘തൊഴിലാളികളെ, ലോകത്തെ ഒന്നിപ്പിക്കുവിന്‍…’ എന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ആഹ്വാനമാണ് എല്‍-20 മുഖ്യസന്ദേശമായി സ്വീകരിച്ചത്.
ജി-20യുടെ തൊട്ടുമുമ്പാണ് ചന്ദ്രയാന്‍ ദൗത്യം വിജയകരമായി നടത്താനും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപഗ്രഹമിറക്കി പര്യവേക്ഷണം നടത്തുന്ന ആദ്യരാജ്യമായി മാറാനും ഭാരതത്തിന് കഴിഞ്ഞത്. ആ ദൗത്യം വിജയകരമായി നടത്താന്‍ കഴിഞ്ഞതും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി. പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭാരതം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതും ഇക്കാലത്താണ്.
ഇന്ത്യയിലെ തെരുവുകച്ചവടക്കാര്‍വരെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നത് നേരില്‍ക്കണ്ട വിദേശ നേതാക്കള്‍ ആശ്ചര്യഭരിതരാവുകയുണ്ടായി. ലോകത്തെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ 46 ശതമാനവും നമ്മുടെ രാജ്യത്താണ് നടക്കുന്നതെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്.
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷ്യവിതരണ പദ്ധതിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുള്ളത് ഭാരതത്തിലാണ്. പരമ്പരാഗത കുലത്തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ‘പ്രധാനമന്ത്രി വിശ്വകര്‍മ യോജന എന്ന പദ്ധതി’ സര്‍ക്കാര്‍ നടപ്പാക്കിയത് ഭാരതീയ മസ്ദൂര്‍ സംഘം ഉന്നയിച്ച ആവശ്യത്തെ തുടര്‍ന്നാണ്. മറ്റെല്ലാ രാജ്യസ്‌നേഹികളോടൊപ്പം ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ അംഗങ്ങള്‍ക്കും ആഹ്ലാദിക്കാവുന്ന സമയത്താണ് 20-ാം സംസ്ഥാനത്ത് സമ്മേളനം പാലക്കാട്ട് നടക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതെന്നത് ഏറെ അഭിമാനമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക