കൊല്‍ക്കത്ത: ഗോളടി മേളം കണ്ട ഐ ലീഗ് മത്സരത്തില്‍ ഇന്റര്‍കാശിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഗോകുലം കേരള. ഇന്റര്‍കാശിയുടെ രണ്ടിനെതിരെ നാല് ഗോളുകള്‍ നേടി ഗോകുലം സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി.
ജയത്തോടെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഗോകുലം ഉയര്‍ന്നു. 23 പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള റിയല്‍ കശ്മീര്‍, ശ്രീനിധി ഡെക്കാന്‍ ടീമുകള്‍ക്ക് തൊട്ടുതാഴെ 20 പോയിന്റുമായാണ് ഗോകുലം.
മത്സരത്തില്‍ ആദ്യം ഒരുഗോൡന് പിന്നിലായതിന് ശേഷമാണ് ഗോകുലം ഇന്നലെ ഇന്റര്‍കാശിക്ക് തകര്‍പ്പന്‍ തിരിച്ചടി നല്‍കിയത്. സീസണില്‍ നേരത്തെ ഹോം മാച്ചില്‍ ഇന്റര്‍കാശിയോട് ഗോകുലം കേരള സമനില വഴങ്ങിയിരുന്നു.
പക്ഷെ ഇന്നലെ അടിമുടിമാറിയ ഗോകുലം കേരളയെ ആണ് കളത്തില്‍ കണ്ടത്. കളിയുടെ 23-ാം മിനിറ്റില്‍ വികാശ് സിങ് ഫിജാം നേടിയ ഗോളില്‍ ഇന്റര്‍കാശി മുന്നിലെത്തി. മത്സരത്തിലെ ആദ്യ ഗോള്‍. ഏഴ് മിനിറ്റിനകം ഗോകുലത്തിന്റെ തിരിച്ചടി. നായകന്‍ അലെക്‌സ് സാഞ്ചെസ് ആണ് സമനിലഗോള്‍ നേടിയത്. ആദ്യ പകുതി പിരിയും മുമ്പേ ഇന്റര്‍ കാശിക്കെതിരെ മേല്‍കൈ നേടി. 39-ാം മിനിറ്റില്‍ അഭിജിത്ത് കുറുങ്ങോടന്‍ നേടിയ ഗോളിലാണ് ഗോകുലം 2-1ന് മുന്നിലായത്.
രണ്ടാം പകുതിയില്‍ വീണ്ടും 2-1. ഗോകുലം കേരളയ്‌ക്കായി നിക്കോള സ്‌റ്റോജനോവിച് ഇരട്ടഗോള്‍ നേടി. മരിയോ ബാര്‍കോ ആണ് ഇന്റര്‍ കാശിക്കായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്.
74-ാം മിനിറ്റില്‍ ഗോകുലത്തിന്റെ ലീഡ് 3-1 ആക്കി ഉയര്‍ത്തി നിക്കോള കളിയില്‍ തന്റെ ആദ്യ ഗോള്‍ അടിച്ചു. മികച്ച ലീഡില്‍ പുരോഗമിച്ച ഗോകുലത്തെ വെല്ലുവിളിച്ച് ഇന്റര്‍ കാശി 86-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ മടക്കി. മത്സരം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പൊരുതിയ ഗോകുലം 90+3-ാം മിനിറ്റില്‍ നിക്കോളയിലൂടെ ലീഡ് ഇരട്ടിയാക്കി. ഇന്‍ജുറി ടൈം മത്സരം 12 മിനിറ്റ് വരെ നീണ്ടു.
ഇന്നലെ നടന്ന മറ്റൊരു ഐ ലീഗ് പോരാട്ടത്തില്‍ രാജസ്ഥാന്‍ എഫ്‌സി വിജയിച്ചു. റിയല്‍ കശ്മീരിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് കൊമ്പുകുത്തിച്ചത്.
കളിയുടെ ഇന്‍ജുറി ടൈമിലായിരുന്നു രാജസ്ഥാന്റെ വിജയഗോള്‍. 90+2-ാം മിനിറ്റില്‍ മുന്‍നിര താരം മാരിന്‍ മുഡ്രേസിയ ആണ് ഗോള്‍ നേടിയത്. ജയത്തോടെ രാജസ്ഥാന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: