ന്യൂദൽഹി: ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് സാധാരണ സൈനികരുടെ അടുത്ത ബന്ധുക്കൾക്കും നൽകുന്ന അതേ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് പാർലമെൻ്ററി പാനൽ ശുപാർശ ചെയ്തു. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം, വീരചരമം പ്രാപിക്കുന്ന അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് പെൻഷൻ പോലുള്ള പതിവ് ആനുകൂല്യങ്ങൾക്ക് അർഹതയില്ല. ഈ സാഹചര്യത്തിലാണ് പുതിയ ശുപാർശ പാനൽ മുന്നോട്ട് വച്ചത്.
“അഗ്നിവീരൻ വീരചരമം പ്രാപിച്ചാൽ കമ്മിറ്റി ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളുടെ അല്ലെങ്കിൽ അടുത്ത ബന്ധുവിന്റെ അവസ്ഥ കണക്കിലെടുത്ത് ഒരു സാധാരണ സൈനികന്റെ കുടുംബത്തിന് നൽകുന്ന അതേ ആനുകൂല്യങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്കും നൽകണം,” പ്രതിരോധ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു.
ഡ്യൂട്ടിക്കിടെ മരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന എക്സ്ഗ്രേഷ്യ തുക ഓരോ വിഭാഗത്തിലും 10 ലക്ഷം രൂപ വീതം വർധിപ്പിക്കാനും സമിതി ശുപാർശ ചെയ്തു. സൈനികന്റെ വിവിധ വിഭാഗങ്ങളിലെ മരണത്തിന് എക്‌സ് ഗ്രേഷ്യ തുകയിൽ വ്യത്യാസമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം കമ്മിറ്റിയെ അറിയിച്ചു.
കൃത്യനിർവഹണത്തിനിടെ തീവ്രവാദികളുടെയും സാമൂഹിക വിരുദ്ധരുടെയും അക്രമം മൂലമോ അപകടങ്ങൾ മൂലമോ മരണം സംഭവിച്ചാൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അതിർത്തിയിലെ ഏറ്റുമുട്ടലിലും തീവ്രവാദികൾ, കടൽക്കൊള്ളക്കാർ തുടങ്ങിയവർക്കെതിരെ പോരാടുന്നതിനിടെ മരണം സംഭവിച്ചാൽ 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, യുദ്ധത്തിൽ ശത്രുക്കളുടെ ആക്രമണത്തിനിടെ മരണം സംഭവിച്ചാൽ 45 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും ചൂണ്ടിക്കാട്ടി.
മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ഓരോന്നിനും 10 ലക്ഷം രൂപ വീതം എക്‌സ്‌ഗ്രേഷ്യ ഫണ്ട് വർധിപ്പിക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഏത് വിഭാഗത്തിന് കീഴിലും ഏറ്റവും കുറഞ്ഞ തുക 35 ലക്ഷം രൂപയും പരമാവധി 55 ലക്ഷം രൂപയും ആയിരിക്കണമെന്നും ശുപാർശ ചെയ്തു.
നേരത്തെ 2022 ജൂണിലാണ് മൂന്ന് സൈനിക സേവനങ്ങളുടെയും പ്രായപരിധി കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഹ്രസ്വകാല ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതി ആവിഷ്‌കരിച്ചത്. പതിനേഴര വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: