കൊച്ചി: ബംഗാള്‍ രാജ്ഭവനില്‍ തുടക്കംകുറിച്ച ‘മിഷന് കലാക്രാന്തി’ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്സ് അവാര്‍ഡ് ഫോര്‍ എക്സലന്‍സ് എഴുത്തുകാരിയായ ഡോ. എം. ലീലാവതിക്ക് സമ്മാനിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് ലീലാവതി ടീച്ചറിന്റെ വസതിയില്‍ നേരിട്ടെത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
50,000 രൂപയും കീര്‍ത്തി പത്രവും ഫലകവുമുള്‍പ്പെടുന്നതാണ് പുരസ്കാരം. ലീലാവതി ടീച്ചറിന് ബംഗാള്‍ രാജ്ഭവനിലെത്തുന്നതിനുള്ള അസൗകര്യം കാരണമാണ് ഗവര്‍ണര്‍ വീട്ടിലെത്തി പുരസ്കാരം സമര്‍പ്പിച്ചത്. ഭാരതീയ കലാസാഹിത്യ സംസ്കാരധാരകളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് മിഷന് കലാക്രാന്തി പ്രവര്‍ത്തിക്കുന്നത്.
സ്നേഹധനയായ ഒരു അമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട് സമൂഹത്തെ നോക്കിക്കാണുകയും ശിഥിലീകരണപ്രവണതകളെ ചെറുത്ത് സാംസ്കാരിക സമുന്നതിക്ക് ഊര്‍ജം പകരുകയും ചെയ്ത ഒറ്റയാള്‍ പട്ടാളമായിരുന്നു ലീലാവതി ടീച്ചര്‍ എന്ന് ഗവര്‍ണര്‍ പറഞ്ഞു. ടീച്ചര്‍ ഇത് സ്വീകരിക്കുന്നതിലൂടെ ഈ പുരസ്കാരം ധന്യമാവുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് വളരെ വികാരഭരിതമായാണ് ലീലാവതി പ്രതികരിച്ചത്. കുചേലനെ കാണാന്‍ കൃഷ്ണന് എത്തിയ പോലെയാണ് പുരസ്കാരവുമായി ഗവര്‍ണര്‍ തന്നെത്തേടിയെത്തിയത്. ഈ പ്രായത്തില്‍ തനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ബഹുമതിയാണിത്. സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: