തിരുവനന്തപുരം: ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ് സ്വാമിനാഥന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മരിച്ചുപോയ അദേഹത്തിന് മരണാന്തര ബഹുമതിയായാണ് ഭാരതരത്ന നല്ക്കുന്നത്.
ഹരിതവിപ്ലവത്തില്‍ ആഗോള തലത്തില്‍ പ്രധാന നേതാവായിരുന്നു ആലപ്പുഴക്കാരനായ മങ്കൊമ്പ് സാംബശിവന് സ്വാമിനാഥന്. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ അമരക്കാരന് കൂടിയായ അദേഹത്തെ ഭാരതത്തിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ കര്‍ഷകരെ കൂടുതല്‍ വിളവ് ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തരാക്കുന്ന ഉയര്‍ന്ന വിളവ് തരുന്ന നെല്ലിനങ്ങള്‍ വികസിപ്പിക്കുന്നതില്‍ സ്വാമിനാഥന് ഒരു പ്രധാന പങ്കാണ് വഹിച്ചത്.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിക്കുന്ന ആദ്യ മലയാളി എന്ന അറിയപ്പെട്ടിരുന്നത് നടനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജിആറിനായിരുന്നു. എന്നാല്‍ അദേഹം ശ്രീലങ്കയിലേക്ക് കുടിയേറിയതിനാല്‍ അദേഹത്തെ ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളിയായി കണക്കാന് സാധിക്കില്ല. അതേസമയം ആഗോള കാര്‍ഷിക പ്രശ്നങ്ങളെ കേരളത്തില്‍ തന്നെ നിന്നുകൊണ്ട് പരിഹരിക്കാനും രാജ്യത്തെ തന്നെ കാര്‍ഷിക രംഗത്ത് കേരളത്തിലൂടെ മാറ്റം സൃഷ്ടിച്ച വ്യക്തിയാണ് എം. എസ് സ്വാമിനാഥന്.
ആലപ്പുഴ കുട്ടനാട്ടിലെ മങ്കൊമ്പില്‍ തറവാടുള്ള സ്വാമിനാഥന് ജനിച്ചത് തമിഴ്നാട്ടിലെ കുംഭകോണത്താണ്. വിദ്യാഭ്യാസം കേരളത്തിലും തമിഴ്നാട്ടിലുമായാണ് നടന്നത്. മദ്രാസ് സര്‍വകലാശാലയില്‍ കാര്‍ഷിക പഠനത്തിനുശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി ഭാരതത്തില്‍ തിരിച്ചെത്തുകയായിരുന്നു. ദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന സ്വാമിനാഥന് അവിടെനിന്നാണ് വന്‍തോതില്‍ വിളവു നല്കുന്ന വിത്തിനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക ഭാരതത്തിന്റെ മുഖച്ഛായ മാറ്റുന്ന യാത്രയുടെ തുടക്കമായിരുന്നു ഇത്.
1925 ഓഗസ്റ്റ് 7ന് ജനിച്ച എം.എസ് സ്വാമിനാഥന്‍ഡ ലക്ഷ്യം വച്ചത് ലോകത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക എന്നതായിരുന്നു. സുസ്ഥിര വികസനത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വക്താവായ അദ്ദേഹത്തെ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം സാമ്പത്തിക പരിസ്ഥിതിയുടെ പിതാവെന്ന് വിശേഷണം നല്കി.
1987ല്‍ ആദ്യത്തെ ലോക ഭക്ഷ്യ പുരസ്കാരം ലഭിച്ച ശേഷമാണ് അദേഹം ചെന്നൈയില്‍ എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപിച്ചത്. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള സംഘം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗോതമ്പിന്റെയും നെല്ലിന്റെയും പുതിയ വിത്തിനങ്ങള്‍ കൃഷി ചെയ്തത് പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു. വന്‍തോതില്‍ വിളവ് തരുന്ന ഈ കണ്ടുപിടിത്തം രാജ്യത്തെ കര്‍ഷകര്‍ വ്യാപകമായി സ്വീകരിച്ചു.
ഇത് ഹരിതവിപ്ലവത്തിലേക്ക് നയിക്കുകയും, ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയും ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുക യും ചെയ്തു. ഭാരതത്തിന്റെ വിശപ്പകറ്റിയ മനുഷ്യന് എന്ന വിശേഷണത്തിന് സ്വാമിനാഥന് അര്‍ഹനായത് ഇങ്ങനെയാണ്. ഒരു മുന്‍നിര ശാസ്ത്രജ്ഞന് മാത്രമായിരുന്നില്ല, ഗ്രാമവികസനത്തിന്റെ ശക്തനായ വക്താവുമായിരുന്നു സ്വാമിനാഥന്. നിലനില്‍ക്കുന്ന കൃഷിരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും, ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം വിപുലമാക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് വലിയ സംഭാവനകളാണ് പില്ക്കാലത്ത് നല്‍കിയത്.
സ്വാമിനാഥന് രണ്ട് ബിരുദങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സുവോളജിയിലും മറ്റൊന്ന് അഗ്രികള്‍ച്ചറല്‍ സയന്‍സിലുമായിരുന്നു. എന്നാല്‍ 1943 ലെ ബംഗാള്‍ ക്ഷാമം നേരിട്ടതിനു പിന്നാലെയാണ് അദ്ദേഹം കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങിയത്. 1960ല്‍, ഇന്ത്യ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍, എം.എസ്. സ്വാമിനാഥന് നോര്‍മന്‍ ബോര്‍ലോഗും മറ്റ് ശാസ്ത്രജ്ഞരും ചേര്‍ന്ന് ഗോതമ്പിന്റെ എച്ച്.വൈ.വി(ഉയര്‍ന്ന വിളവ് നല്കുന്ന ഇനം) വിത്തുകള്‍ വികസിപ്പിച്ചെടുത്തു.
സ്വാമിനാഥന് ഉരുളക്കിഴങ്ങ്, ഗോതമ്പ്, അരി എന്നിവയുമായി ബന്ധപ്പെട്ട സൈറ്റോജെനെറ്റിക്സ്, അയോണൈസിംഗ് റേഡിയേഷന്, റേഡിയോ സെന്‍സിറ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ അടിസ്ഥാന ഗവേഷണം നടത്തി. പുഗ്വാഷ് കോണ്‍ഫറന്‍സുകളുടെയും ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെയും പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്ത്യംവരെ തിളക്കമാര്‍ന്ന തന്റെ ഔദേ്യാഗിക ജീവിതത്തിനിടെ നിരവധിയായ അംഗീകാരങ്ങളും ആദരവുകളും സ്വാമിനാഥനെ തേടിയെത്തിയത് സ്വാഭാവികം. രാഷ്ട്രം പത്മഭൂഷണും പത്മവിഭൂഷണുമൊക്കെ നല്കിയ സ്വാമിനാഥന് വേള്‍ഡ് ഫുഡ് പ്രൈസും ലഭിച്ചു. റോയല്‍ സൊസൈറ്റി ഫെലോ ആയി അംഗീകാരം ലഭിക്കുകയും, അമേരിക്കന്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമാവുകയും ചെയ്തു.
1999ല്‍, ടൈമിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യന്‍ ആളുകളുടെ പട്ടികയില്‍ ഗാന്ധിക്കും ടാഗോറിനും ഒപ്പം മൂന്ന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. ശാന്തി സ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ്, രമണ്‍ മഗ്സസെ അവാര്‍ഡ്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന് വേള്‍ഡ് സയന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ബഹുമതികളും സ്വാമിനാഥന് ലഭിച്ചിട്ടുണ്ട്. 2004ല്‍ ദേശീയ കര്‍ഷക കമ്മീഷന് അധ്യക്ഷനായിരുന്നു സ്വാമിനാഥന്.
1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും 1982 മുതല്‍ 1988 വരെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഡയറക്ടര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979ല്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സ്വാമിനാഥന് സേവനമനുഷ്ഠിച്ചു.
‘പാരിസ്ഥിതിക ദോഷങ്ങളില്ലാതെ ശാശ്വതമായ ഉല്പാദനക്ഷമത’ എന്ന തന്റെ കാഴ്ചപ്പാടിനെ വിവരിക്കാന്‍ 1990ല്‍ അദ്ദേഹം ഉപയോഗിച്ച പദമാണ്’നിത്യഹരിത വിപ്ലവം’. 2007 നും 2013 നും ഇടയില്‍ ഒരു തവണ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യയിലെ സ്ത്രീ കര്‍ഷകരെ അംഗീകരിക്കുന്നതിനുള്ള ഒരു ബില്‍ അദ്ദേഹം മുന്നോട്ടുവച്ചതും ശ്രദ്ധേയമായ ഒരു നേട്ടമാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28ന് ഡോ. സ്വാമിനാഥന് അന്തരിച്ചത്. 98ാം വയസ്സില്‍ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: