തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് അറസ്റ്റ് ഭയന്ന്. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് മാസപ്പടി പറ്റിയെന്ന ആരോപണത്തില്‍ എക്‌സാലോജിക്കിനോ വീണയ്‌ക്കോ എസ്എഫ്‌ഐഒ നോട്ടീസ് പോലും നല്കിയിട്ടില്ല. ഇതിനിടെയാണ് അറസ്റ്റ് ഭയന്ന് ഹര്‍ജിയുമായി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ അഭയം തേടിയത്. ഇതോടെ, വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെടുന്നു.
എക്‌സാലോജിക് തുടങ്ങിയത് വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്നും തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാകുന്നതായി പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു ലഭിച്ചെന്ന് വീണ പറയേണ്ടി വരും. പണത്തിന്റെ സ്രോതസ് എവിടെ നിന്നെന്ന് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ പൊളിയും.
സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും എസ്എഫ്‌ഐഒ ശേഖരിച്ച രേഖകള്‍ വീണയ്‌ക്ക് എതിരാണെന്ന് ഏതാണ്ടുറപ്പായി. എക്‌സാലോജിക് തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയാല്‍ വീണയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരും സംശയത്തിന്റെ നിഴലിലാകും. ചിലപ്പോള്‍ ചോദ്യം ചെയ്യലിനും ഹാജരാകേണ്ടി വന്നേക്കാം. ഇതും മുഖ്യമന്ത്രി ഭയക്കുന്നു. അതിനാലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ തന്നെ രംഗത്തിറക്കിയത്. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരേ കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തെ കോടതി തടഞ്ഞില്ല. ഇതും മുഖ്യമന്ത്രിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപ കരിമണല്‍ കമ്പനിയില്‍ നിന്നും എക്‌സാലോജിക് വാങ്ങിയെന്നാണ് ആരോപണം. 2017-2020ലാണ് മാസപ്പടി വാങ്ങിയത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ഇതു കണ്ടെത്തിയിരുന്നു.വീണയുടെ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അനേ്വഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേന ഹര്‍ജി നല്കി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഡയറക്ടറും കേന്ദ്രസര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: