ന്യൂദല്‍ഹി: റെയില്‍വേയുടെ 12,343 കോടി രൂപ വരുന്ന ആറ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം.
ഏറ്റവും തിരക്കേറിയ സെക്ഷനുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതാണ് ഈ പദ്ധതികള്‍. രാജസ്ഥാന്, ആസാം, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ 18 ജില്ലകളിലൂടെയുള്ള ഈ പദ്ധതികള്‍ റെയില്‍വേ ശൃംഖലയില്‍ 1020 കിലോമീറ്റര്‍ കൂട്ടിച്ചേര്‍ക്കും.
യാത്ര സുഗമമാക്കല്‍, ചരക്കുനീക്കത്തിനുള്ള ചെലവ് കുറയ്ക്കല്‍, ട്രെയിനുകളുടെ സമയക്രമം പാലിക്കല്‍, സെക്ഷനുകളുടെ നിലവിലുള്ള ലൈന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് സഹായകമാകുന്നതാണ് പിഎം-ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള ഈ പദ്ധതി.
അജ്മീര്‍-ചന്ദേരിയ, ജയ്പൂര്‍-സവായ് മധോപൂര്‍ (രാജസ്ഥാന്), ലുനി-സാംദാരി-ഭില്‍ഡി (ഗുജറാത്ത്, രാജസ്ഥാന്), അഗ്തോരി-കാമാഖ്യ (ആസാം), ലംഡിങ്-ഫര്ക്കറ്റിങ് (ആസാം, നാഗാലാന്‍ഡ്), മോട്ടുമാരി-വിഷ്ണുപുരം (തെലങ്കാന, ആന്ധ്രാപ്രദേശ്) എന്നീ റൂട്ടുകളിലാണ് പാത ഇരട്ടിപ്പിക്കല്‍ നടക്കുക. ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, രാസവളങ്ങള്‍, കല്‍ക്കരി, സിമന്റ്, ഇരുമ്പ്, ഉരുക്ക്, ഫ്ളൈ ആഷ്, ചുണ്ണാമ്പുകല്ല്, കണ്ടെയ്നര്‍ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ റൂട്ടുകളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: