Categories: Kerala

കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ പദ്ധതി വയനാട്ടിലെ എല്ലാ കുടുംബങ്ങള്‍ക്കും; സുരക്ഷ 2023 പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി

Published by

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കുടുംബ സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരണ പ്രഖ്യാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നൂറ് ശതമാനം സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. ജില്ലയിലെ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് സുരക്ഷ 2023.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ജീവന്‍, അപകട ഇന്‍ഷുറന്‍സ് പദ്ധതികളായ പിഎംഎസ്ബിവൈ, പിഎം ജെജെബിവൈ എന്നിവയില്‍ ചേര്‍ത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ഭാരതീയ റിസര്‍വ് ബാങ്ക്, നബാര്‍ഡ്, ലീഡ് ബാങ്ക്, മറ്റ് ബാങ്കുകള്‍ എന്നവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

സുരക്ഷാ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 20 രൂപയ്‌ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും 436 രൂപയ്‌ക്കു രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കാന്‍ സാധിക്കും. സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയ കാനാറ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെ പരിപാടിയില്‍ അനുമോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക