കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി അധ്യാപകരാവാന്‍ പത്ത് വര്‍ഷത്തെ ഹൈസ്കൂള്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സെറ്റ് യോഗ്യതയില്‍ ഇളവ് നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എതിര്‍പ്പ്. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ സെറ്റ് യോഗ്യത ഇല്ലാതെ ബിരുദാനന്തര ബിരുദയോഗ്യത മാത്രം കണക്കാക്കി ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക തസ്തികയില്‍ ജോലിചെയ്യാമെന്നാണ് പുതുക്കിയ ചട്ടം.
ഓരോ വിഷയത്തിനും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന സെറ്റ് യോഗ്യതയുള്ളവരെ ഇത് നോക്കുകുത്തികളാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഒരു ജോലിയെന്ന സ്വപ്നവുമായി പരീക്ഷകള്‍ എഴുതി സെറ്റ്, നെറ്റ് യോഗ്യതകളുമായി അണ് എയ്ഡഡ് മേഖലയിലും ദിവസശമ്പളത്തിലും ജോലി ചെയ്ത് പിഎസ്സി പരീക്ഷകള്‍ പാസ്സായി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ ചെയ്യുന്ന വഞ്ചനയാണിതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഹയര്‍സെക്കന്‍ഡറി അധ്യാപകരാവാന്‍ സെറ്റ് യോഗ്യതയില്‍ ഇളവ് നല്‍കിയത് വിദ്യാഭ്യാസ ഗുണ നിലവാരത്തെ ബാധിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇളവ് നല്‍കിയതോടെ കാര്യക്ഷമമല്ലാത്തതും ഗുണമേന്മയില്ലാത്തതുമായ വിദൂരകോഴ്സുകളിലൂടെ അന്യ സംസ്ഥാന സര്‍വ്വകലാശാലകളില്‍ നിന്നടക്കം പിജിയും ബിഎഡും യോഗ്യത നേടിയവര്‍ ഈ തസ്തികയിലേക്ക് നിയമിക്കപ്പെടും. ഗുണനിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയെക്കുറിച്ച് രക്ഷിതാക്കളും ആശങ്കാകുലരാണ്.
ഉപരിപഠനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തീരുമാനമെടുക്കുന്ന ഹയര്‍സെക്കന്‍ഡറി തലത്തില്‍ വിഷയ വിദഗ്ധരുടെ സേവനമാണ് രക്ഷിതാക്കളും കുട്ടികളും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് യോഗ്യതയില്‍ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ആരോപണം. വേണ്ടത്ര കൂടിയാലോചനയില്ലാതെ യോഗ്യരായവരെ പുറത്ത് നിര്‍ത്തി സര്‍വീസിന്റെ മുന്‍തൂക്കത്തില്‍ മാത്രം നടത്തുന്ന സ്ഥാനക്കയറ്റം എതിര്‍ക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: