ടോക്കിയോ: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 3.5 ശതമാനം ഉയർന്നതായി കമ്പനി അറിയിച്ചു.
ടോക്കിയോ ആസ്ഥാനമായുള്ള ഹോണ്ട മോട്ടോർ കോർപ്പറേഷന്റെ അവസാന പാദത്തിലെ ലാഭം 253.3 ബില്യൺ യെൻ അഥവാ 1.7 ബില്യൺ യുഎസ് ഡോളറാണ്. മൂന്ന് മാസത്തെ വിൽപ്പന 21 ശതമാനം ഉയർന്ന് 5.39 ട്രില്യൺ യെൻ (36 ബില്യൺ യുഎസ് ഡോളർ) ആയി. അനുകൂലമായ യെൻ വിനിമയ നിരക്ക് ഹോണ്ടയുടെ വിദേശ ലാഭം വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്നാണ് റിപ്പോർട്ട്.
മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ബാക്കി ഭാഗങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഒരു ഡോളറിന് ഏകദേശം 148 ജാപ്പനീസ് യെൻ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, കഴിഞ്ഞ വർഷം ഏകദേശം 140 യെൻ ആയിരുന്നു.
അതേ സമയം കൊവിഡ് കാരണം നിർമ്മാണത്തിലുണ്ടായ തടസ്സങ്ങൾ കാരണം, കമ്പ്യൂട്ടർ ചിപ്പുകളുടെയും മറ്റ് ഭാഗങ്ങളുടെയും ക്ഷാമം എല്ലാ വാഹന നിർമ്മാതാക്കളെയും ബാധിച്ചു. ചെറുകാർ, സൂപ്പർ കബ് മോട്ടോർസൈക്കിൾ, അസിമോ റോബോട്ട് എന്നിവയുടെ നിർമ്മാതാക്കളായ ഹോണ്ടയുടെ മോട്ടോർസൈക്കിൾ വിൽപ്പന ബ്രസീലിലും യൂറോപ്പിലും സമീപ മാസങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ, ഹോണ്ട 3.1 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു, മുൻ വർഷം 2.7 ദശലക്ഷം വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്. ഇത്തവണ യുഎസിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അതേ സമയം തായ്‌ലൻഡിലെയും ഇന്തോനേഷ്യയിലെയും ഹോണ്ടയുടെ വാഹന വിൽപ്പനയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. മാർച്ച് വരെയുള്ള മുഴുവൻ സാമ്പത്തിക വർഷത്തിലും, 960 ബില്യൺ യെൻ (6.5 ബില്യൺ യുഎസ് ഡോളർ) ലാഭമാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: