ഇന്ന് വഴിമദ്ധ്യേ ‘കരയുന്ന മല’ കണ്ടു. അതിന്റെ കല്ല് മാര്‍ദ്ദവമുള്ളതായിരുന്നു. മുകളില്‍ ഏതോ ഉറവവെള്ളം കെട്ടിക്കിടന്നിരുന്നു. വെള്ളം പുറത്തു പോകാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. മൃദുവായ കല്ലുകള്‍ വെള്ളം വലിച്ചെടുക്കാന്‍ തുടങ്ങി. വലിച്ചെടുത്തവെള്ളം പിന്നെവിടെയാണ് പോകുക? ഈര്‍പ്പം ഒന്നിച്ചുകൂടി ഇടം കിട്ടിയിടത്തൂടെ തുള്ളികളായി വീഴാന്‍ തുടങ്ങി. ഇങ്ങനെ വീണുകൊണ്ടിരുന്ന തുള്ളികളെ ആളുകള്‍ തങ്ങളുടെ ഭാവനയ്ക്കനുസൃതമായി കണ്ണുനീര്‍ത്തുള്ളികളായി വിശേഷിപ്പിച്ചു. കാറ്റില്‍ പറന്നുവന്ന മണ്തരികള് ഈര്‍പ്പമുള്ളിടത്തു പറ്റി. അവിടെയൊക്കെ മാര്‍ദ്ദവമുള്ള പച്ചപായല്പൊടിച്ചു വന്നു. പായലിന് പര്‍വതപ്രദേശത്തെ ഭാഷയില്‍ ‘കീച്ചഡ്’ എന്നാണ് പറയുക. പര്‍വതം കരയുമ്പോള്‍ കണ്ണു വേദനിക്കുന്നുണ്ടാവുമെന്നും അതിലൂടെ ‘കീച്ചഡ്’ (പായല്്) പുറത്തുവരികയാണെന്നും സങ്കല്പിക്കുന്നു. ഞങ്ങളിന്നു കരയുന്ന പര്‍വതം(മല) കണ്ടു. അങ്ങിങ്ങായി അതിന്റെ കണ്ണീരുമൊപ്പി. പായല്‍ തൊട്ടുനോക്കി. അല്ലയോ പര്‍വതമേ നീ എന്തിനാണ് കരയുന്നത് എന്ന് ചോദിക്കാമായിരുന്നു. എന്നാല്‍ അതിനോടു ആരു ചോദിക്കാനാണ്? ചോദിച്ചാല്‍ തന്നെ അത് ഉത്തരം പറയുമോ?
എന്നാലും ‘സങ്കല്പം’ നിര്‍ബ്ബന്ധബുദ്ധിക്കാരനാണ്. അവന് പര്‍വതവുമായി സംസാരിക്കാന്‍ തുടങ്ങി. അല്ലയോ, പര്‍വതമേ എന്തുമാത്രം വനഭംഗികളാണ് നിനക്കുള്ളത്. എങ്ങും ഓടി നടന്ന് അലയേണ്ട കാര്യമില്ല. സുഖമായി ഒരിടത്തിരുന്നു കഴിയുന്നു. പിന്നെന്തുകൊണ്ടാണ് നിനക്കു കരച്ചിലുണ്ടാകുന്നത്?
പാഷാണപര്വതം മിണ്ടാതെനിന്നു. എന്നാല്‍ സങ്കല്പത്തിലെ പര്‍വതം തന്റെ മനോവ്യഥ പറയാന്‍ തുടങ്ങി: ‘എന്റെ മനോവ്യഥ എങ്ങനെ നീ അറിയാനാണ്? ഞാന്‍ ഉന്നതനാണ്, വനശോഭകളാല് അലങ്കൃതനാണ്, അല്ലലില്ലാതെ കഴിയുകയാണ്. കാഴ്ചയില്‍ എനിക്കെല്ലാമുണ്ട്. എന്നാല്നിഷ്ക്രിയമായ, നിശ്ചേഷ്ടമായ ഈ ജീവിതം ജീവിതമാണോ? ഇതില്‍ ചലനമില്ല. സംഘര് ്ഷമില്ല, അഭിലാഷമില്ല, ഉന്മേഷമില്ല, ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സ്ഥിതിയാണ്. കര്മ്മനിരതയിലാണ് ആനന്ദമുള്ളത്. ശവയാത്രയിലെ മൂകതയാണ്, വെറുതെ സുഖിച്ചിരുന്നു കഴിയുന്നതിലുള്ളത്. തീരെ അറിവില്ലാത്തവര്‍ മാത്രമേ ഇത് സുഖമാണെന്ന് കരുതുകയുള്ളു. സൃഷ്ടിരചനയുടെ കേളീരംഗത്ത് എത്രമാത്രം കളിയാടുന്നുവോ അത്രമാത്രം ഉന്മേഷവും ഉല്ലാസവും അനുഭവപ്പെടും. സൃഷ്ടിയുടെ എല്ലാ സന്താനങ്ങളും പുരോഗമന പഥത്തില്‍ ഉല്ലാസഭരിതരായ യോദ്ധാക്കളെപ്പോലെ അടിവച്ചടിവച്ച് തടസ്സങ്ങള്‍ തരണം ചെയ്തു മുന്നേറുമ്പോള്‍, ഒരുവശത്ത് ഞാന്‍ സമ്പത്തും വൈഭവങ്ങളും സ്വന്തം ഉദരത്തിലൊതുക്കി സുഖിക്കുകയാണ്. സങ്കല്പത്തിന്റെ സന്താനമേ, നിനക്കെന്നെ മുതലാളിയെന്നും, ധനികനെന്നും, ഭാഗ്യവാനെന്നും വിളിക്കാം. പക്ഷേ ഞാനോ, വെറും നിഷ്ക്രിയന് പണിയെടുക്കാത്തവന്. വിശ്വസേവനാര്ത്ഥം ആളുകള്‍ തങ്ങളുടെ പുരുഷാര്‍ത്ഥം പ്രകടിപ്പിച്ച് ഇതിഹാസത്തിന്റെ താളുകളില്‍ തങ്ങളുടെ നാമം അനശ്വരമാക്കുന്നു. അവര്‍ കീര്‍ത്തി സമ്പാദിക്കുന്നു. തങ്ങളുടെ പ്രയത്നത്തിന്റെ ഫലം അന്യര്‍ക്ക് ലഭിക്കുന്നതില്‍ അഭിമാനംകൊള്ളുന്നു. പകരം ഞാനോ, എന്റെ സകല വൈഭവങ്ങളും എന്നില്‍ തന്നെ ഒതുക്കി നിലകൊള്ളുകയാണ്. ഈ കുണ്ഠിതഭാരത്താല് എനിക്കു കരച്ചില് വരികയോ, കണ്ണുനീര് ഒഴുകുകയോ, പായല്‍ വളരുകയോ ചെയ്താല്‍ അതില്‍ എന്താണ് പന്തികേട്?’
എന്റെ പിഞ്ചുഭാവന പര്വ്വതരാജനുമായി സംസാരിച്ചു, ആശ്വാസവും ലഭിച്ചു. എന്നിട്ടും സങ്കടം മാറിയില്ല. വളരെ നേരം വീണ്ടും ആലോചിച്ചിരുന്നു: ഈ പര്‍വതം ചെറിയ ചെറിയ കഷണങ്ങളായി ധാരാളം ഭവനങ്ങളും, റോഡുകളും പാലങ്ങളും നിര്‍മ്മിക്കാന്‍ ഉപകരിക്കപ്പെട്ടിരുന്നെങ്കില് എത്ര നന്നായിരുന്നു. അങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ഇത്ര വലുതായി കാണപ്പെടുകയുമില്ലായിരിക്കാം; ഒരു പക്ഷേ പര്വതമെന്ന സ്ഥിതി തന്നെ ഇല്ലെന്നു വരാം. അപ്പോള്‍ യഥാര്‍്ത്ഥത്തില്‍ അത് ധന്യമായി തീര്‍ന്നേനേ, അതിന്റെ വലിപ്പം അര്‍ത്ഥവത്തായി തീര്‍ന്നേനെ. ഈ ഭാഗ്യം ലഭിക്കാതെ വന്നതില്‍ പര്വതരാജന് തന്റെ വിധിയെ പഴിച്ചുകൊണ്ട് കരയുന്നുവെങ്കില് അത് തുലോം സ്വഭാവികമാണ്.
ഭാരം ചുമക്കുന്ന ആടുകള്‍
ചെറിയ മൃഗമായ ആടിനെ ഈ പര്‍വതപ്രദേശങ്ങളിലെ കാമധേനുവായി കണക്കാക്കാം. ഇവ പാലുതരുന്നു, കമ്പിളി രോമം തരുന്നു, ആട്ടിന്്കുട്ടികളെ തരുന്നു, ഭാരവും ചുമക്കുന്നു. നീണ്ടരോമമുള്ള ഒരു പറ്റം ആടുകളെ ഇന്ന് വഴിയില്‍ വച്ചു കാണുകയുണ്ടായി, നൂറോളം കണ്ടേക്കും. എല്ലാറ്റിന്റെയും പുറത്ത് ചുമടുകള്‍ ഉണ്ടായിരുന്നു. അരി, മാവ്(പൊടി), ചക്കര എന്നിങ്ങനെയുള്ള സാധനങ്ങള്‍ വഹിച്ചുകൊണ്ടു ഗംഗോത്രിയിലേയ്ക്കു പോകുകയായിരുന്നു. ഓരോന്നിന്റെയും പുറത്ത്, അതാതിന്റെ ബലവും പൊക്കവുമനുസരിച്ച് നല്ല ഭാരം ഉണ്ടായിരുന്നു. കോവര്‍ കഴുതകളെ കൂടാതെ ചരക്കുകള്‍ കൊണ്ടുപോകാനായി ആടുകളാണ് ഇവിടുത്തെ വാഹനം. പര്‍വതങ്ങളിലെ ചെറിയ ചെറിയ വഴികളില്‍ മറ്റു മൃഗങ്ങളോ, വാഹനങ്ങളോ ഉപകരിക്കപ്പെടുകയില്ല.
നമ്മള് (സാധാരണയായി) ധരിച്ചിരിക്കുന്നതുപോലെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വലുതും വിപുലവുമായ സാധനസാമഗ്രികള്‍ അത്യാവശ്യമോ, അത്യന്താപേക്ഷിതമോ അല്ല. സാമാന്യരീതിയില് തന്നെ മനുഷ്യന് ഉപജീവനത്തിനാവശ്യമായ സാധനങ്ങള്‍ ആര്‍ജ്ജിച്ചു സുഖമായി കഴിയാവുന്നതാണ്. പരിമിതമായ വ്യവസായവല്ക്കരണംകൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാല്‍ ഇത് വിപുലമായ തോതില്‍ വര്‍ദ്ധിപ്പിച്ചാല്‍ ഈ ആടുകളുടെയും ഇവയെ പോറ്റുന്നവരെപ്പോലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെയും ആഹാരത്തിനുള്ള വക അവരില്‍നിന്നും അപഹരിച്ചെടുത്ത് ഏതാനും വ്യവസായ പ്രമുഖന്മാരുടെ മണിമാളികകളില്‍ നിറയ്ക്കപ്പെട്ടുകഴിയും. ഇന്ന് ലോകത്തില്‍ പൊന്തിവരുന്ന യുദ്ധക്കരിമേഘങ്ങളുടെ അടിസ്ഥാന കാരണം വ്യാവസായിക കമ്പോളങ്ങള്‍ നേടിയെടുക്കുന്നതിനും, ഉപനിവേശങ്ങള് സ്ഥാപിക്കുന്നതിനുമുള്ള അതിമോഹമാണ്.
ചിന്തകള്‍ ഒന്നോടൊന്നു ബന്ധമില്ലാതെ പോകുകയാണ്. ചെറിയ കാര്യങ്ങള്‍ മസ്തിഷ്ക്കത്തില്‍ വലുതായി രൂപം കൊള്ളുന്നു. അതിനാല്‍ ഈ പംക്തികള്‍ ഇവിടെ സമാപിപ്പിക്കയാണ് ഭേദം. എന്നാലും ആട്ടിന്‍പറ്റങ്ങളെ മറക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. അവ പ്രാചീന ഭാരതത്തിലെ സമുദായരചനയുടെ ഓര്മ പുതുക്കുകയാണ്. പരിഷ്ക്കാരത്തിന്റെ ഇക്കാലത്ത് പാവങ്ങളെ ആര് അനുമാനിക്കാനാണ്? പഴമയുടെ പ്രതീകമെന്നു പറഞ്ഞ് അവരെ പരിഹസിക്കാനാണ് സാദ്ധ്യത. എന്നാലും സത്യം സത്യമായിതന്നെ കഴിയും. എന്നെങ്കിലും മനുഷ്യരാശി ശാന്തിയുടെയും, സമാധാനത്തിന്റെയും ലക്ഷ്യത്തിലെത്തുമ്പോള്‍, ധനവും, അധികാരവും വികേന്ദ്രീകരിക്കപ്പെടുകയും, എന്നലയ്ക്കുന്ന ആടുകളുമൊത്ത് അവയുടെ സംരക്ഷകര്‍ കഴിയുന്നതുപോലെ, ആളുകളെല്ലാം അദ്ധ്വാനിച്ച് സന്തോഷപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ടാവും.
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ വിജനതയിലെ സഹചാരികള്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: