ബംഗളുരു : സീരിയസ് ഫ്രാഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഹര്‍ജി നല്‍കിയത്.
എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്രസര്‍ക്കാരും എസ് എഫ് ഐ ഒയുമാണ് എതിര് കക്ഷികള്‍.
കര്‍ണാടകത്തിലാണ് എക്സാലോജിക് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന സാങ്കേതികതയിലൂന്നിയാണ് അവിടെ ഹൈക്കോടതിയെ സമീപിച്ചിട്ടുളളത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഒ, സി എം ആര് എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലും ഈ കമ്പനിയില്‍ ഓഹരിയുളള സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കെ എസ് ഐ ഡി സിയുടെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. അടുത്തതായി വീണവിജയനിലേക്ക് അന്വേഷണം എത്തുമെന്നുറപ്പായിരിക്കെയാണ് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.
എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ കെ എസ് ഐ ഡി സി കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തേ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര് ഒ സി) നടത്തിയ അന്വേഷണത്തില്‍ എക്സാലോജിക്കിന്റെ ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയിരുന്നു. പിന്നാലെയാണ് എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങിയത്.
ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുളള കരിമണല്‍ കമ്പനിയായ സി എം ആര് എല്ലിന്, എക്സാലോജിക് സേവനം നല്‍കാതെ 1.72 കോടി രൂപ പ്രതിഫലം കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുളളത്. ഇത് മുഖ്യമന്ത്രിയുടെ മകള്‍ക്ക് കോഴയായി നല്‍കിയതാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: