(കൃഷ്ണാര്‍ജുന സംവാദം)
അര്ജ്ജുനന് പറഞ്ഞു:
കൃഷ്ണാ, അങ്ങ് കര്‍മ്മങ്ങളുടെ പരിത്യാഗത്തെയും (സാംഖ്യ യോഗം), പിന്നെ കര്മയോഗത്തെയും പ്രശംസിച്ചു പറഞ്ഞുവല്ലോ. എന്റെ നന്മയ്ക്ക് ഇവരണ്ടില്‍ ഏതാണു തീര്‍ച്ചയായും പ്രയോജനപ്പെടുന്നതെന്ന് എനിക്കു പറഞ്ഞു തന്നാലും. ശ്രീഭഗവാന്‍ അരുളിച്ചെയ്തു: കര്മസംന്യാസവും (സാംഖ്യ യോഗവും) കര്‍മയോഗവും രണ്ടും മോക്ഷത്തിലേക്കു നയിക്കുന്നു. ഇവ രണ്ടില്വച്ച്, കര്മസംന്യാസത്തെക്കാള് സുകരമായതിനാല് കര്‍മയോഗമാണ് ശ്രേഷ്ഠം.
- ഭഗവാനെ കര്‍മ്മയോഗം എന്തു കൊണ്ടാണ് ശ്രേഷ്ഠം?
മഹാബാഹോ, ആരോടും ദ്വേഷിക്കാതെയും ഒന്നും കാംക്ഷിക്കാതെയുമിരിക്കുന്ന കര്‍മയോഗിയെ സംന്യാസിയാണെന്നു ഗണിക്കണം. എന്തുകൊണ്ടെന്നാല്‍ രാഗദ്വേഷാദി വിരുദ്ധഭാവങ്ങള്‍ ഇല്ലാത്തവനായി അനായാസേന, സംസാരബന്ധ നത്തില്‍ നിന്നു അയാള്‍ മുക്തനാവുന്നു.
- അങ്ങ് പറഞ്ഞു രണ്ടും ശ്രേഷ്ഠമാണെന്ന്. അങ്ങനെയെങ്കില്‍ രണ്ടിന്റേയും ഫലപ്രാപ്തിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
സാംഖ്യയോഗവും കര്‍മയോഗവും വ്യത്യസ്ത ഫലങ്ങള്‍ തരുന്നു എന്നു കരുതുന്നവര്‍ അജ്ഞരാണ്. വിജ്ഞര്‍ അങ്ങനെ കരുതുന്നില്ല. രണ്ടില്‍ ഏതെങ്കിലുമൊന്നിനെ സ്ഥിരമായി ആശ്രയമാക്കിയിട്ടുള്ളയാള് രണ്ടിന്റെയും ഫലമായ പരമാത്മാവിനെ പ്രാപിക്കുന്നു. ജ്ഞാനയോഗി പ്രാപിക്കുന്ന പരമപദത്തെത്തന്നെയാണ് കര്‍മയോഗിയും പ്രാപിക്കുന്നത്. അതിനാല്‍ ജ്ഞാനയോഗവും കര്‍മയോഗവും ഫലത്തില്‍ ഒന്നു തന്നെയെന്നു കാണുന്നവനാണ് യഥാര്‍ത്ഥത്തില്‍ കാണുന്നവന്.
- ഭഗവാനെ രണ്ടിന്റേയും ഫലം ഒന്നാണെങ്കില് പിന്നെ കര്‍മ്മയോഗം ശ്രേഷ്ഠമാകുന്നതെങ്ങനെ?
അര്‍ജ്ജുനാ, എങ്ങനെയായാലും, കര്മയോഗമില്ലാതെയുള്ള സംന്യാസം (മനസ്സ്, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലുമുള്ള കര്‍ത്തൃത്വം വെടിയുക എന്നത്) വളരെ പ്രയാസമാണ്. അതേസമയം, ഈശ്വരനില്‍ മനസ്സ് കേന്ദ്രീകരിച്ചു നിര്‍ത്തുന്ന കര്‍മയോഗി വേഗത്തില്‍ പരബ്രഹ്മ പരമാത്മാവിനെ പ്രാപിക്കുന്നു.
- അവര്‍ കര്‍മ്മയോഗത്തിലൂടെ എങ്ങനെയാണ് ബ്രഹ്മത്തെ പ്രാപിക്കുന്നത്?
മനസ്സിനെ സ്വവശത്താക്കുകയും ഇന്ദ്രിയങ്ങളെ ജയിക്കുകയും ചെയ്ത കര്‍മയോഗി വിശുദ്ധാത്മാവാണ്. സകല ജീവരാശിയുടെയും ആത്മാവ് തന്റെ ആത്മാവു തന്നെയാണെന്നു സാക്ഷാത്കരിച്ച അയാള്‍ കര്‍മം ചെയ്യുന്നുണ്ടെങ്കിലും, കര്മംചെയ്യുന്നതായി സ്വയം കരുതുന്നില്ല, അതായത് ബ്രഹ്മത്തെ പ്രാപിക്കുന്നു.
- സാംഖ്യ യോഗി കര്‍മ്മങ്ങളില്‍ നിന്നെങ്ങനെ മുക്തനാവുന്നു?
ആത്മതത്ത്വത്തെ അറിയുന്ന സാംഖ്യയോഗി കാണുന്നവനും കേള്‍ക്കുന്നവനും തൊടുന്നവനും ഘ്രാണിക്കുന്നവനും ഭക്ഷിക്കുന്നവനും നടക്കുന്നവനും ഉറങ്ങുന്നവനും ശ്വസിക്കുന്നവനും സംസാരിക്കുന്നവനും വിസര്‍ജ്ജിക്കുന്നവനും എടുക്കുന്നവനും കണ്മിഴിക്കുന്നവനും കണ്ണടയ്ക്കുന്നവനുമൊക്കെ ആയിരുന്നാലും, ഇന്ദ്രിയങ്ങളാണ് അവയുടെ വിഷയങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കി, താന്‍ ഒന്നുംതന്നെ ചെയ്യുന്നില്ലെന്ന് വിശ്വസിക്കുന്നു, അങ്ങനെ കര്‍മ്മങ്ങളില്‍ നിന്ന് മുക്തനാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: