ടെൽ അവീവ് : തീവ്രവാദി സംഘടനയായ ഹമാസിന്റെ വെടി നിർത്തൽ ഉടമ്പടിയെ പുഛിച്ച് തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് തീവ്രവാദികളെ പൂർണ്ണമായും കൊന്നൊടുക്കും വരെ യുദ്ധം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ചയാണ് ഹമാസ് വെടിനിർത്തൽ, ബന്ദി-മോചന ഉടമ്പടി മുന്നോട്ട് വച്ചത്. എന്നാൽ ഇത് നിരസിച്ച നെതന്യാഹു അവയെ വ്യാമോഹം എന്ന് വിളിക്കുകയും തീവ്രവാദ സംഘടനയെ പൂർണ്ണമായും ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യുദ്ധാനന്തരം ഗാസയുടെ നിയന്ത്രണത്തെക്കുറിച്ച് ഹമാസ് ചിന്തിക്കയെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധം ഇപ്പോൾ അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. സമ്പൂർണ വിജയം കൈവരിക്കുന്നത് വരെ അത് മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു.
നമ്മൾ ഇപ്പോൾ കേൾക്കുന്ന ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങില്ല. തടവുകാരെ മോചിപ്പിക്കുന്നതിലേക്ക് നയിക്കില്ല എന്ന് മാത്രമല്ല, അത് മറ്റൊരു കൂട്ടക്കൊലയെ ക്ഷണിച്ചുവരുത്തുകയും ചെയ്യുമെന്ന് ദേശീയ ടെലിവിഷൻ സായാഹ്ന വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു. തങ്ങൾ ഒരു സമ്പൂർണ്ണ വിജയത്തിലേക്കുള്ള പാതയിലാണ്, പ്രവർത്തനം മാസങ്ങൾ നീണ്ടുനിൽക്കും, ഇതിന് മറ്റൊരു പരിഹാരവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഗാസയുടെ ഏതെങ്കിലും ഭാഗത്തിന്റെ നിയന്ത്രണം ഹമാസിനെ ഏൽപ്പിക്കുന്ന ഒരു ക്രമീകരണവും അദ്ദേഹം തള്ളിക്കളഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷ ഉറപ്പാക്കാൻ കഴിവുള്ള ഏക ശക്തി ഇസ്രായേൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാർ ഉറപ്പിക്കുമെന്ന പ്രതീക്ഷയിൽ മേഖലയിൽ പര്യടനം നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു ഈ അഭിപ്രായപ്രകടനം നടത്തിയത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വിടവ് നികത്താൻ ഒരുപാട് ജോലികൾ ബാക്കിയുണ്ടെന്ന് ബ്ലിങ്കെൻ നേരത്തെ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: