കൊച്ചി: പി.വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചു. ലൈസൻസ് കുടിശികയായിരുന്ന ഏഴു ലക്ഷം രൂപ ഗ്രാമപഞ്ചായത്തിലെ അടച്ചിതിനെ തുടർന്നാണ് ലൈസൻസ് നൽകിയത്.
വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു. കുട്ടികളുടെ പാര്‍ക്കിന് മാത്രമാണ് അനുമതി നല്‍കിയത് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം,പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നും വിശദീകരണം നൽകണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകുകയും ചെയ്തിരുന്നു. പാർക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ അനുബന്ധ രേഖകളിൽ പിഴവുകളുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പിവി ആർ നാച്വറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത് മുഖ്യമന്ത്രിക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ്. പി.വി അൻവൻ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: