ഇസ്ലാമബാദ്: പ്രതിസന്ധികൾക്കിടയിൽ പാകിസ്ഥാനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 5 വരെ തുടരും. വോട്ടർമാർക്ക് തടസ്സമില്ലാതെ വോട്ട് ചെയ്യാൻ രാജ്യവ്യാപകമായി പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബിൽ 73, 207,896 വോട്ടർമാരും, സിന്ധിൽ 26,994,769, ഖൈബർ പഖ്തൂൺഖ്വ 21,928,119, ബലൂചിസ്ഥാനിൽ 5,371,947, ഇസ്ലാമാബാദ് 1,083,029 എന്നിങ്ങനെയാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിപി) വോട്ടർമാരുടെ കണക്കുകൾ.
ഇസിപിയുടെ കണക്കനുസരിച്ച്, നാഷണൽ അസംബ്ലി (എൻഎ) സീറ്റുകളിലേക്ക് മൊത്തം 5,121 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 4807 പുരുഷന്മാരും 312 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. നാല് പ്രവിശ്യാ അസംബ്ലികളിലേക്ക് 12,123 പുരുഷന്മാരും 570 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 12,695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി 90,7675 പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷ ഒരുക്കാൻ പോലീസ്, അർദ്ധസൈനിക സേനാംഗങ്ങളെയും സാധാരണ സൈനികരെയും വിന്യസിച്ചുകൊണ്ട് വിപുലമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേ സമയം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പ്രബലരുടെ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്നു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലായതോടെ ഷെരീഫിന്റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ 74 കാരനായ ഷെരീഫ് നാലാമത്തെ തവണയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉറ്റുനോക്കുന്നത്.
പാർട്ടിയുടെ പ്രധാനമന്ത്രി മുഖമായി പ്രഖ്യാപിക്കപ്പെട്ട ബിലാവൽ ഭൂട്ടോ-സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) മത്സരത്തിൽ ഉൾപ്പെടുന്നുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയുടെ ചിഹ്നമായ ക്രിക്കറ്റ് ‘ബാറ്റ്’ മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചതിനെ തുടർന്ന് തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാനാർത്ഥികൾ സ്വതന്ത്രമായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
12.85 കോടിയിലധികം രജിസ്റ്റർ ചെയ്ത വോട്ടർമാർ പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം 650,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന രണ്ട് ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ വർധിച്ച സുരക്ഷയാണ് രാജ്യത്തെങ്ങും നടപ്പിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: