ചെങ്ങന്നൂര്‍: കെഎസ്ഐഡിസിയെ (കേരള സ്റ്റേറ്റ് ഇന്‍ഡ്സ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന്) മറയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരള പദയാത്രയുമായി ബന്ധപ്പെട്ട് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സിഎംആര്‍എല്ലിന് കെഎസ്ഐഡിസി അനര്‍ഹമായി ചെയ്തുകൊടുത്ത സഹായത്തിന് കിട്ടിയ പണമാണ് പിണറായിയുടെ മകള്‍ വീണയുടെ അക്കൗണ്ടിലേക്ക് എത്തിയത്. സംസ്ഥാനത്ത് വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ ഇത്തരത്തില്‍ പണം കൊടുത്തേ മതിയാകൂ എന്ന സിഎംആര്‍എല്‍ നിലപാട് കൈക്കൂലിയാണെന്ന് ഉറപ്പാക്കുന്നതാണ്.
മുഖ്യമന്ത്രി സ്വന്തം പദവി ദുരുപയോഗിച്ചിട്ടുണ്ട്. ഭാര്യയുടെ പെന്ഷന് കൊണ്ടല്ല, കള്ളപ്പണം മറയ്ക്കാനുള്ള ഏര്‍പ്പാടിന്റെ ഭാഗമായാണ് വീണയുടെ കമ്പനി പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥത്തില്‍ അതൊരു ഷെല്‍ കമ്പനിയാണ്. ഇന്നലെയുണ്ടായ ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. എസ്എഫ്ഐഒയുടെ അന്വേഷണം ഏതുവിധേനയും തടയാനായാണ് കെഎസ്ഐഡിസിയെ കോടതിയിലെത്തിച്ചത്. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്തുള്ള നിരീക്ഷണമാണ് ഹൈക്കോടതിയില്‍ നിന്നും മാസപ്പടി വിവാദത്തില്‍ ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ പ്രതിപക്ഷ നേതാവ് പ്രത്യേകജീവിയെ പോലെയാണ് പെരുമാറുന്നത്. പിണറായിയുടെയും മകളുടെയും രക്ഷകനായാണ് മാസപ്പടി വിവാദത്തില്‍ വി.ഡി. സതീശന് പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ സമ്പാദിച്ച കള്ളപ്പണമെല്ലാം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടുകെട്ടുന്ന കാഴ്ചയാണ് ഇനിയും വരാനിരിക്കുന്നതെന്നും ഇത്തരം നടപടികള്‍ മോദി ഭരണത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. വന്ദന കൊല്ലപ്പെട്ട കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന അച്ഛന്റെ ആരോപണം യാഥാര്‍ത്ഥ്യമാണെന്നും രക്ഷിക്കാമായിരുന്ന യുവഡോക്ടറുടെ ജീവന് നഷ്ടപ്പെടുത്തിയത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സുരേന്ദ്രന് പറഞ്ഞു. എന്‍ഡിഎ മാവേലിക്കര ലോക്സഭ മണ്ഡലം ഇന്‍ ചാര്‍ജ് ഷാജി ആര്. നായര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: