ന്യൂദല്‍ഹി: എസ്‌സി, എസ്ടി, ഒബിസി, ഗോത്രവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനു മുന്‍ഗണന നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വര്‍ധിപ്പിച്ചു; സ്‌കൂളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു; കൊഴിഞ്ഞുപോക്കു ഗണ്യമായി കുറഞ്ഞു; പുതിയ കേന്ദ്ര ഗോത്രവര്‍ഗ സര്‍വകലാശാല സ്ഥാപിച്ച് അവയുടെ എണ്ണം രണ്ടാക്കി; ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ 120ല്‍ നിന്ന് 400 ആയി ഉയര്‍ന്നു; ഉന്നതവിദ്യാഭ്യാസത്തില്‍ പട്ടികജാതി വിദ്യാര്‍ഥികളുടെ പ്രവേശനം 44 ശതമാനവും പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രവേശനം 65 ശതമാനവും ഒബിസി പ്രവേശനം 45 ശതമാനവും വര്‍ധിച്ചു. രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനുള്ള മറുപടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെയും വികസനത്തെയും പരാമര്‍ശിച്ച പ്രധാനമന്ത്രി, അനുച്ഛേദം 370 റദ്ദാക്കിയത് ഈ സമുദായങ്ങള്‍ക്കു ജമ്മു കശ്മീരില്‍ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ ലഭിക്കുന്ന അതേ അവകാശങ്ങള്‍ ഉറപ്പാക്കുന്നുവെന്നു പറഞ്ഞു. അതുപോലെ, റദ്ദാക്കലിനുശേഷമാണു വനാവകാശ നിയമം, അതിക്രമങ്ങള്‍ തടയല്‍ നിയമം, സംസ്ഥാനത്തു ബാല്‍മീകി സമുദായത്തിനുള്ള താമസാവകാശം എന്നിവയും നടപ്പിലാക്കിയത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒബിസി സംവരണത്തിനുള്ള ബില്‍ പാസാക്കിയതും അദ്ദേഹം പരാമര്‍ശിച്ചു. ഗോത്രവര്‍ഗ വനിത രാഷ്‌ട്രപതിയായതും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: