ന്യൂദൽഹി: രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയ്ക്ക് 400സീറ്റുകൾ കിട്ടുമെന്ന് അനുഗ്രഹിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെക്ക് നന്ദിയെന്ന് പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആശീര്‍വാദം തങ്ങള്‍ക്ക് ലഭിച്ചു. ഇത്തരത്തിലുള്ള ആനന്ദം അപൂര്‍വമായി മാത്രമെ ലഭിക്കാറുള്ളൂവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി പരിഹാസം വിമർശനവും ചൊരിഞ്ഞത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റെന്ന ബിജെപിയുടെ ലക്ഷ്യത്തെപ്പറ്റി രാജ്യസഭയില്‍ വെള്ളിയാഴ്ച സംസാരിക്കവെ ഖാര്‍ഗെ പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി ഖാർഗയെ പരിഹസിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ തെളിഞ്ഞ് നിന്നത് രാജ്യത്തിന്റെ ആത്മവിശ്വാസമാണ്. രാഷ്ട്രപതിയുടെ വാക്കുകളിൽ നിറഞ്ഞത് രാജ്യത്തിന്റെ ശക്തവും, സുദൃഢവുമായ ഭാവിയാണ്. ഇതിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നന്ദി അറിയിക്കുന്നു.
കോൺഗ്രസ് വിഘടനവാദവും ഭീകര വാദവും പ്രോത്സാഹിപ്പിച്ചു. നെഹ്റുവിന്റെ കാലം മുതൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിരോധികളാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസ് എല്ലായ്പ്പോഴും ദളിതർക്കും പിന്നാക്കക്കാർക്കും ഗോത്രവർഗക്കാർക്കും എതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഒബിസികൾക്ക് ഒരിക്കലും സമ്പൂർണ സംവരണം നൽകാത്ത കോൺഗ്രസ് സാമൂഹിക നീതി പ്രസംഗിക്കരുതെന്ന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
പിന്നാക്കക്കാർക്കുള്ള എല്ലാത്തരം സംവരണങ്ങൾക്കും ജവഹർ ലാൽ നെഹ്റു എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിമാർക്ക് നെഹ്റു എഴുതിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ വിശദീകരിച്ചു. ഒരുവിധത്തിലുള്ള സംവരണവും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് നെഹ്റു കത്തിൽ പറഞ്ഞതായി നരേന്ദ്രമോദി പറഞ്ഞു. നെഹ്റുവിന്റെ കാലം മുതൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിരോധികളാണ് കോൺഗ്രസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒബിസിക്ക് ഒരിക്കലും സമ്പൂർണ സംവരണം നൽകാത്ത കോൺഗ്രസ്, പൊതുവിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകിയില്ല, ബാബാ സാഹിബ് അംബേദ്കർക്ക് ഭാരതരത്നയ്ക്ക് യോഗ്യനെന്ന് കരുതിയില്ല, അവരുടെ കുടുംബത്തിന് മാത്രം ഭാരതരത്നം നൽകി, അവർ ഇപ്പോൾ ഞങ്ങളെ സാമൂഹ്യനീതിയുടെ പാഠം പഠിപ്പിക്കുകയാണ്. കോൺഗ്രസ് നേതാക്കൾക്ക് പോലും ഗ്യാരന്റി ഇല്ല. ഗ്യാരന്റി ഇല്ലാത്ത കോൺഗ്രസ്സുകാർ മോദി ഗ്യാരന്റിയെ ചോദ്യം ചെയ്യേണ്ടെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രസർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തത് കോൺഗ്രസ് ആണ്. സ്വാതന്ത്ര്യലബ്ദി ശേഷവും രാജ്യത്ത് അടിമത്വത്തിന്റെ മാനസികാവസ്ഥ കോൺഗ്രസ് ഉണ്ടാക്കി. ലാൽ ബത്തി കൾച്ചർ കോൺഗ്രസ് രാജ്യത്ത് പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പത്ത് വർഷം കൊണ്ട് കോൺഗ്രസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോൺഗ്രസാണ് സാമ്പത്തിക നയങ്ങളിൽ എൻഡിഎ സർക്കാരിനെ ഉപദേശിക്കാൻ വരുന്നത്.
കോൺഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകർത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കോൺഗ്രസ് ഒറ്റരാത്രി കൊണ്ട് മറിച്ചിട്ടു. ഭരണഘടനാ മൂല്യങ്ങളെ കോൺഗ്രസ് തടവിലാക്കി, മാദ്ധ്യമങ്ങൾക്ക് പൂട്ടിട്ടു. അതേ കോൺഗ്രസ് തന്നെ ഇന്ന് രാജ്യത്തെ തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: