തിരുവനന്തപുരം: പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന്റെ ഈ കാലത്ത് ശ്രീകുമാരന്‍ തമ്പി കാലഹരണപ്പെട്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉണ്ണി ബാലകൃഷ്ണന്. “കേരളഗാനം തമ്പിസാറിനെപ്പോലെ ഒരാളാണോ എഴുതേണ്ടത്? തമ്പിസാര്‍ പ്രതിനിധീകരിക്കുന്ന ഒരു കാവ്യസങ്കല്പമുണ്ട്. ആ കാവ്യസങ്കല്പത്തില് നിന്നൊക്കെ സമൂഹം വളരെ മുമ്പോട്ട് പോയി. കേരളം മാത്രമല്ല, ലോകം മുന്നോട്ട് പോയി. നമ്മള് പൊളിറ്റിക്കല്‍ കറക്ട്നെസ്സിന്റെ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. രാഷ്ട്രീയമായി നമ്മള് ശരിയായിരിക്കണം എന്ന് ചിന്തിക്കുന്ന കാലം.”- ഉണ്ണി ബാലകൃഷ്ണന് ന്യായവാദം നിരത്തുന്നു.
“നമ്മള് ഭാര്യ എന്ന് പറഞ്ഞുകൂടാ, ജീവിത പങ്കാളി എന്ന് വേണം ഈ കാലഘട്ടത്തില്‍ പറയാന്‍. വികലാംഗന് എന്ന് പറഞ്ഞുകൂടാ, ഭിന്നശേഷി ഉള്ളയാള്‍ എന്ന് പറയണം. നമ്മുടെ ഭാഷയില്‍ അങ്ങിനെ ഒരു പാട് പൊളിറ്റിക്കല്‍ കറക്ട്നെസ് വന്നുകഴിഞ്ഞു.അപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ ഗാനം അവതരിപ്പിക്കുമ്പോള്‍ അത് പൊളിറ്റിക്കലി കറക്ടായിരിക്കണം”. – ഉണ്ണി ബാലകൃഷ്ണന് പറയുന്നു.
“പക്ഷെ തമിഴ്നാട്ടില്‍ 1900ല്‍ ഒരു കവി എഴുതിയാലും 1980ല്‍ ഒരു കവി എഴുതിയാലും ഈ പൊളിറ്റിക്കല്‍ കറക്ട്നെസ്സുണ്ട്. അതിന് കാരണം അവരുടെ സംസ്കാരം ദ്രാവിഡ സംസ്കാരമായി കാണുന്നു. ഈയിടെ പുറത്തുവന്ന റഹ്മാന്റെ ഒരു ഗാനത്തില്‍ തമിഴാ തമിഴാ എന്നാണ് വിളിക്കുക. നമ്മള് മലയാളികള്‍ മലയാളി, മലയാളി എന്ന് വിളിക്കുക പോലുമില്ല. അതായത് തമിഴ്നാട്ടുകാരുടെ അസ്തിത്വത്തില്‍ ഒരു തമിഴ് വികാരമുണ്ട്. നമ്മുടേത് സംസ്കൃത വല്ക്കരിക്കപ്പെട്ട കാവ്യസങ്കല്പമാണ്. അവിടെ ഹരിതാഭം, ഇല്ലംനിറ, വല്ലം നിറ എന്നൊക്കെ ഗാനത്തില്‍ വരും. ഇതിനെ വിഷ്വലൈസ് ചെയ്യുമ്പോള്‍ ഓലക്കുടയുമായി ഓടിവരുന്നവരും മറ്റും കടന്നുവരും. ഇതല്ല നമുക്ക് വേണ്ടത്. ശ്രീകുമാരന്‍തമ്പി സാറിന്റെ പാട്ട് ഞാന്‍ കണ്ടു. അങ്ങിനെയുള്ള ഒരു പാട്ടല്ല നമുക്ക് ഈ കാലഘട്ടത്തില്‍ വേണ്ടത്.” – ഉണ്ണി ബാലകൃഷ്ണന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: