ഹോങ്കോങ്: ഹോങ്കോങ് ഇലവന്‍-ഇന്റര്‍ മയാമി സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി പങ്കെടുക്കാത്തതിനെതിരേ ഹോങ്കോങ്ങില്‍ കനത്ത പ്രതിഷേധം. കളി കാണാനായി തിങ്ങിനിറഞ്ഞ 40,000 കാണികളെ നിരാശരാക്കിയെന്നും ഹോങ്കോങ്ങിനെ മെസ്സി വിലമതിച്ചില്ലെന്നും ആരോപണങ്ങളുയര്‍ന്നു. കോപാകുലരായ ആരാധകര്‍, മെസ്സിയുടെ ഫ്ളക്സുകളും കട്ടൗട്ടുകളും തകര്‍ത്തു.
മത്സരത്തില്‍ ഇന്റര്‍ മയാമി 4-1ന് വിജയിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചു കളികളില്‍ ജയിക്കാതെ പതറിയ ടീമിന് ഈ ജയം ആശ്വാസത്തിന് വക നല്കി. എന്നാല്‍ മത്സരത്തില്‍ മെസ്സി കളിച്ചില്ല. 90 മിനിറ്റും സൈഡ് ബെഞ്ചില്‍ത്തന്നെ ഇരുന്നു. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. 8,300 മുതല്‍ 50,000 വരെയായിരുന്നു ടിക്കറ്റ് വില. മെസ്സി ഇറങ്ങാതിരുന്നതോടെ ടിക്കറ്റ് വില തിരിച്ചു ചോദിച്ചും പ്രതിഷേധങ്ങളുണ്ടായി.
സംഭവത്തില്‍ തര്‍ക്കമുന്നയിച്ച് ഹോങ്കോങ് സര്‍ക്കാര്‍ രംഗത്തെത്തി. കരാറില്‍ മെസ്സി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് പ്രത്യേകമായി അറിയിച്ചിരുന്നെന്നും പരിക്കോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാകൂ എന്ന് അറിയിച്ചിരുന്നെന്നും സര്‍ക്കാര്‍ പറഞ്ഞു. അതിനാല്‍ 25 കോടിയോളം രൂപ സര്‍ക്കാര്‍ സഹായമായി നല്കിയിരുന്നു. ഇത് തിരിച്ചുവാങ്ങാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.
കളിയുടെ രണ്ടാം പകുതിയിലെത്തിയതോടെ ഗ്യാലറിയുടെ മട്ടും ഭാവവും മാറി. മെസ്സി ഇറങ്ങുന്നതിനുവേണ്ടിയുള്ള മുറവിളികള്‍ ഉയര്‍ന്നു. ട്രെയ്നേഴ്സ് വിയറും ട്രാക്സ്യൂട്ടും ധരിച്ചാണ് മെസ്സി സൈഡ്ലൈനിലിരുന്നത്. അതേസമയം മറ്റു സബ്സ്റ്റിറ്റിയൂട്ടര്‍മാരെല്ലാം ഫുട്ബോള്‍ ബൂട്ട്സും ഷോട്ട്സും ധരിച്ചിരുന്നു. മെസ്സിയും സുവാരസും അവസാനം വരെ ഇറങ്ങിയില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ ‘ഞങ്ങള്‍ക്ക് മെസ്സിയെ വേണമെന്നായിരുന്നു ഗാലറിയില്‍നിന്ന് ഉയര്‍ന്ന ശബ്ദങ്ങള്‍. ഇത് പതിയെപ്പതിയെ ‘മെസ്സിയെവിടെ’ എന്ന ചോദ്യത്തിലേക്ക് വഴിമാറി. അവസാന വിസില്‍ മുഴങ്ങിയതോടെ ‘റീഫണ്ട്, റീഫണ്ട്’ എന്നായി. മത്സരത്തിന് മുന്‍പ് ക്ലബ്ബ് ഉടമ കൂടിയായ പ്രശസ്ത ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനെ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റിരുന്നത്. എന്നാല്‍ മത്സരം അവസാനിച്ച് സ്റ്റേഡിയത്തെ അഭിസംബോധ ചെയ്യുന്നതിനിടെ, ബെക്കാമിനെതിരെ കൂക്കുവിളികള്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: