കോഴിക്കോട്: ഗോവ ഗവര്‍ണർ പി.എസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ സിപിഎം നേതാവിന്റെ മകനെതിരെ പോലീസ് കേസെടുക്കാത്തത് വിവാദമാകുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകൻ ജൂലിയസ് നികിതാസാണ് കാര്‍ ഓടിച്ചു കയറ്റിയത്.
ഞായറാഴ്ച രാത്രി 7.50ന് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗവർണർ കോഴിക്കോട്ടെ വസതിയിലേക്ക് വരുമ്പോൾ മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ദേവീക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നുപോയ ഉടനെ അതിന് പിന്നിലേക്കാണ് നികിതാസ് കാർ ഇടിച്ചു കയറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാൾക്ക് നേരെ ആക്രോശിച്ചെങ്കിലും ഇയാൾ തിരിച്ചും കയർക്കുകയായിരുന്നു.
കാർ പിന്നിലേക്ക് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കാർ പിന്നിലേക്ക് മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്. തുടർന്ന് നികിതാസിന് കസബ പോലീസ് പിഴയിട്ടെങ്കിലും കേസെടുത്തില്ല. ട്രാഫിക് നിയമം ലംഘിച്ചതിന് 1000 രൂപ പിഴയിട്ട് വിട്ടയക്കുകയായിരുന്നു.
ഗോവ രാജ്ഭവന്‍ സംഭവം സ്ഥിരീകരിച്ചു. അന്വേഷണം ആവശ്യപ്പെടുമെന്നാണ് വിവരം. ഗുരുതര നിയമലംഘനത്തില്‍ കേസെടുക്കാത്തതിന്റെ കാരണം പോലീസില്‍ നിന്ന് ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: